അന്തർദേശീയം

ഇറാന്‍റെ നിഴൽ ബാങ്കിങ് ശൃംഖലകൾക്കെതിരേ ഉപരോധ നടപടികളുമായി യുഎസ് ട്രഷറി വകുപ്പ്

വാഷിങ്ടൺ ഡിസി : ഇറാന്‍റെ നിഴൽ ബാങ്കിങ് ശൃംഖലകൾക്കെതിരേ ഉപരോധ നടപടികളുമായി അമേരിക്ക. ഇറാനുമായി ബന്ധപ്പെട്ട നിരവധി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരേയാണ് ഇത്തരത്തിൽ ട്രംപ് ഭരണകൂടം പുതിയ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ചത്. ആഗോള സമ്പദ് വ്യവസ്ഥയിൽ നിന്ന് ഇറാനെ കൂടുതൽ ഒറ്റപ്പെടുത്തുന്നതിനും ഉപരോധങ്ങൾ മറികടന്നു പ്രവർത്തിക്കുന്ന സാമ്പത്തിക ശൃംഖലകൾ തകർക്കുന്നതിനും ഉള്ള നീക്കത്തിന്‍റെ ഭാഗമായാണ് നടപടി. തിങ്കളാഴ്ചയാണ് യുഎസ് ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചത്.

ഇറാനിൽ പ്രവർത്തിക്കുന്ന നിരവധി കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങളും ‘റഹ്ബാര്‍ കമ്പനികള്‍’ എന്നറിയപ്പെടുന്ന ബാങ്ക് അനുബന്ധ സ്ഥാപനങ്ങളുമാണ് നിഴല്‍ ബാങ്കിങ് ശൃംഖലയുടെ പ്രധാന ഭാഗമെന്ന് യുഎസ് ട്രഷറി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഉപരോധങ്ങള്‍ മറികടന്ന് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഇറാനിലെ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഇവയുടെ പ്രവര്‍ത്തനം. ഇതിലൂടെ കോടിക്കണക്കിന് ഡോളറിന്‍റെ ഇടപാടുകള്‍ അന്താരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങളിലൂടെ നടക്കുന്നതായും ഇറാന്‍റെ വിദേശ വ്യാപാരത്തിന് ഈ പണം സഹായകമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, തുര്‍ക്കി, ഹോങ്കോങ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഇറാന്‍റെ വിദേശ വ്യാപാരം നിലനിര്‍ത്താന്‍ സഹായിക്കുന്ന രണ്ട് ഡസനോളം കറന്‍സി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ക്കും കടലാസ് കമ്പനികള്‍ക്കുമെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ശൃംഖലകളുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളെയും നടപടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് സഹായകമാകുന്ന അനധികൃത സംവിധാനങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് വ്യക്തമാക്കി.

ഇറാന്‍റെ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്നും ഭരണനേതൃത്വം സമ്മര്‍ദത്തിലാണെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്‍റ് പ്രസ്താവനയില്‍ പറഞ്ഞു. സാമ്പത്തികമായി തകര്‍ന്ന ഭരണകൂടത്തിന്‍റെ അവസാനത്തെ സാമ്പത്തിക ആശ്രയമാണ് ഇറാന്‍റെ നിഴല്‍ ബാങ്കിങ് സംവിധാനമെന്നും ഇത്തരം അനധികൃത ശൃംഖലകള്‍ പൂര്‍ണമായി തകര്‍ക്കുന്നതുവരെ നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ മേല്‍നോട്ടത്തിലാണ് ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ട്രഷറി വകുപ്പിന്‍റെ വിശദീകരണം.

2025 ജനുവരി മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇറാന്‍റെ നിഴല്‍ ബാങ്കിങ് ശൃംഖലകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏകദേശം 15 ബില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി യുഎസ് ഫിനാന്‍ഷ്യല്‍ ക്രൈംസ് എന്‍ഫോഴ്സ്മെന്‍റ് നെറ്റ് വര്‍ക്ക് (ഫിന്‍സെന്‍) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള ഇടപാടുകളുടെ അളവില്‍ കുറവുണ്ടായതായും ഇത് ഇറാന്‍റെ നിഴല്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗികമായെങ്കിലും തടസം നേരിട്ടതിന്‍റെ സൂചനയായിരിക്കാമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. എന്നാല്‍ യുഎഇ, ഹോങ്കോങ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ എണ്ണ, കപ്പല്‍ഗതാഗതം, നിക്ഷേപം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലൂടെ ഈ ശൃംഖലകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button