ഇറാനിൽ വൈദ്യുതി നിയന്ത്രണം; ഇരുട്ടത്ത് ഓഫിസിലിരുന്ന് ജോലി ചെയ്യുന്ന ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങളെ ക്ഷണിച്ച് പ്രസിഡന്റ്

തെഹ്റാൻ : പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളെത്തുടർന്ന് ഊർജ പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്ത് ഘട്ടം ഘട്ടമായുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അറിയിച്ചതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈദ്യുതി നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഇരുട്ടത്ത് ഓഫിസിലിരുന്ന് ജോലി ചെയ്യുന്ന ദൃശ്യങ്ങൾ പകർത്താൻ പെസഷ്കിയാൻ ഔദ്യോഗിക മാധ്യമങ്ങളെ ക്ഷണിച്ചു.
പേർഷ്യൻ ഭാഷയിലുള്ള വീഡിയോയിൽ, വൈദ്യുതി ഉൽപ്പാദന ശൃംഖല നിലക്കാതിരിക്കാൻ ജനങ്ങളും സർക്കാരും എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്നിലിരുന്ന മേശവിളക്കിലേക്ക് ചൂണ്ടി, ‘ഇവിടെ ആവശ്യത്തിന് വെളിച്ചമുണ്ട്. ജോലി ചെയ്യാൻ ഇതെല്ലാം ഓൺ ചെയ്യേണ്ട ആവശ്യമില്ല’ എന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ ‘വളരെ മോശമായാൽ’ വൈദ്യുതി ലാഭിക്കുന്നതിനായി ജീവനക്കാരെ ചെറിയ സ്ഥലത്തേക്ക് മാറ്റുമെന്നും പെസഷ്കിയാൻ പറഞ്ഞു.
രാജ്യത്തെ ഇന്ധന വിതരണ സാഹചര്യം കണക്കിലെടുത്ത് ഞായറാഴ്ച മുതൽ വൈദ്യുതി വിതരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതരാകുമെന്ന് ദേശീയ വൈദ്യുതി കമ്പനി മേധാവി മുഹമ്മദ് അല്ലാഹ്ദാദ് ശനിയാഴ്ച സ്റ്റേറ്റ് ടി.വിയിൽ പറഞ്ഞിരുന്നു. പ്രദേശത്തിനനുസരിച്ച് രണ്ടു ദിവസത്തിലൊരിക്കൽ ഏകദേശം രണ്ട് മണിക്കൂറോ, ദിവസവും രണ്ടു മണിക്കൂർ വരെയോ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പവർ പ്ലാന്റുകളിലെ ഇന്ധനക്ഷാമം കാരണം സമീപ വർഷങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ ഇറാൻ ഏർപ്പെടുത്തിയിരുന്നു.
ശൈത്യകാലത്തിന് മുന്നോടിയായി ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ യുഎസും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾ പ്രതിസന്ധി കൂടുതൽ വഷളാക്കിയതായി പെസഷ്കിയാൻ പറഞ്ഞു. ‘രാജ്യത്തെ വാതക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണം സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്, അതിനാൽ ഈ ശൈത്യകാലത്ത് ബുദ്ധിമുട്ടുകൾ പ്രതീക്ഷിക്കണം’ എന്ന് അദ്ദേഹം പറഞ്ഞതായി ‘ഇസ്ന’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ, വാതക ശേഖരങ്ങളിൽ ചിലത് സ്വന്തമായുണ്ടെങ്കിലും, ആഭ്യന്തര ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ഇറാൻ ഏറെക്കാലമായി ബുദ്ധിമുട്ടുകയാണ്. പതിറ്റാണ്ടുകൾ നീണ്ട പാശ്ചാത്യ ഉപരോധങ്ങൾ മൂലമുണ്ടായ നിക്ഷേപക്കുറവും പഴക്കം ചെന്ന വൈദ്യുതി ഗ്രിഡും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.



