അന്തർദേശീയം
ഗൾഫ് ഓഫ് ഫിൻലൻഡിൽ റഷ്യൻ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം

മോസ്കോ : റഷ്യൻ പ്രദേശമായ കലിനിൻഗ്രാഡിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. ഗൾഫ് ഓഫ് ഫിൻലൻഡിൽ റഷ്യൻ സമുദ്രാതിർത്തിക്ക് സമീപമാണ് ആക്രമണമുണ്ടായത്.
അതേസമയം, ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. കപ്പലിലെ ജീവനക്കാരെ ഒഴിപ്പിക്കുകയാണെന്നും നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്നും റഷ്യയിലെ ലെനിൻഗ്രാഡ് മേഖലയുടെ ഗവർണർ അലക്സാണ്ടർ ഡ്രോസ്ഡെങ്കോ അറിയിച്ചു.
റഷ്യൻ അതിർത്തിയിൽ നിന്ന് മൂന്ന് നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലിനുനേരെയാണ് രണ്ട് ഡ്രോണുകള്‍ പതിച്ചത് . നാറ്റോ സഖ്യകക്ഷികളായ ഫിൻലൻഡിനും എസ്റ്റോണിയയ്ക്കും ഇടയിലുള്ള ബാൾട്ടിക് കടലിന്റെ ഭാഗമാണ് ഗൾഫ് ഓഫ് ഫിൻലൻഡ്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിനെ കലിനിൻഗ്രാഡുമായി കടൽമാർഗ്ഗം ബന്ധിപ്പിക്കുന്നത് ഈ പാതയാണ്.



