കാനഡയിൽ കത്തിയ കാറിനുള്ളിൽ ഇന്ത്യൻ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ഒട്ടാവ : കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ലാംഗ്ലിയിൽ കത്തിയ കാറിനുള്ളിൽ ഇന്ത്യൻ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കൊലപാതകക്കുറ്റത്തിന് അന്വേഷണം ആരംഭിച്ചു. സറേ സ്വദേശിയായ തുഷാർ ശർമ്മ (25) ആണ് മരിച്ചത്. ഒക്ടോബർ 29ന് രാത്രി 10.30 ഓടെ ലാംഗ്ലിയിലെ റോളിൻസൺ ക്രസന്റ് മേഖലയിൽ ഒരു വാഹനം കത്തുന്നതായി പൊലീസിനു വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ലാംഗ്ലി പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണയ്ക്കുന്നതിനിടെയാണ് വാഹനത്തിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചത് തുഷാർ ശർമ്മയാണെന്ന് തിരിച്ചറിഞ്ഞത്.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കാനഡയിലെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ഏറ്റെടുത്തു.
മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവങ്ങളുടെ ക്രമവും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മരിക്കുന്നതിനു തൊട്ടുമുമ്പ് തുഷാർ എവിടെയായിരുന്നുവെന്നും ആരൊക്കെയായാണ് സമ്പർക്കം പുലർത്തിയിരുന്നതെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. യുവാവിന് കാനഡയിൽ ക്രിമിനൽ പശ്ചാത്തലങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വലിയ സൗഹൃദവലയങ്ങൾ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
തുഷാറിന്റെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സംസാരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. യുവാവിന്റെ വ്യക്തിജീവിതം, ദിനചര്യകൾ, മരിക്കുന്നതിനു മുമ്പുള്ള പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി വിദേശത്തുള്ള ബന്ധുക്കളെയും പരിചയക്കാരെയും ബന്ധപ്പെടാനും പൊലീസ് ശ്രമിക്കുന്നുണ്ട്. കൊലപാതകത്തിനു പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും, തുഷാറിനെ കൃത്യമായി ലക്ഷ്യം വച്ച് കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
വ്യക്തിവൈരാഗ്യമാണോ അതോ മറ്റ് കാരണങ്ങളാണോ കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൃത്യത്തിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്തിനാണ് വാഹനത്തിനു തീയിട്ടതെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവം നടന്ന സമയത്ത് പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടവരോ, സിസിടിവി ദൃശ്യങ്ങൾ കൈവശമുള്ളവരോ അന്വേഷണ സംഘവുമായി വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.



