അന്തർദേശീയം

വിസ പുതുക്കൽ കടുപ്പമാകും; എച്ച് വൺബി വിസ പുതുക്കൽ അപേക്ഷയിൽ കൂടുതൽ കർശനമായ പരിശോധന നിർദേശിച്ച് ഡി.എച്.എസ്

വാഷിങ്ടൺ ഡിസി : അമേരിക്കയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് എച്ച് വൺബി വിസ ഉടമകൾക്കും മറ്റ് വിദേശ തൊഴിലാളികൾക്കും ഇനി തൊഴിൽ വിസയുടെ കാലാവധി നീട്ടുന്നതിനുള്ള അപേക്ഷയിൽ കൂടുതൽ കർശനമായ പരിശോധനകൾ നേരിടേണ്ടിവരും. ഇതുസംബന്ധിച്ച പുതിയ നിയമനിർദേശം യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡി.എച്.എസ്) മുന്നോട്ടുവെച്ചു.

പുതിയ നിയമം വന്നാൽ, ഒരേ കമ്പനിയിൽ അതേ ജോലി ചെയ്യുന്ന ജീവനക്കാരന്റെ വിസ പുതുക്കാൻ അപേക്ഷിക്കുമ്പോൾ മുൻപ് നൽകിയ വിസ അംഗീകാരത്തിന് പ്രാധാന്യം നൽകണമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കപ്പെടും. പകരം, ഓരോ തവണയും പുതിയ അപേക്ഷ കൂടുതൽ വിശദമായി പരിശോധിക്കാൻ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന് അധികാരം ലഭിക്കും.

ഇമിഗ്രേഷൻ നിയമ സ്ഥാപനമായ റെഡ്ഡി ന്യൂമാൻ ബ്രൗൺ , ഡി.എച്.എസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ മാറ്റം പ്രതിവർഷം ഏകദേശം 2,08,429 വിസ അപേക്ഷകളെ ബാധിച്ചേക്കാം.

എച്ച് വൺബി,എൽ-വൺ, ഒ-വൺ, ടിഎൻ, ഇ, എന്നീ വിസ വിഭാഗങ്ങളിലുള്ള വിദേശ തൊഴിലാളികളെയാണ് പ്രധാനമായും ഈ നിർദേശം ബാധിക്കാൻ സാധ്യതയുള്ളത്.

2026 ഒക്ടോബർ 14-നാണ് ഈ പുതിയ നിയമനിർദേശം പ്രസിദ്ധീകരിച്ചത്. ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാനുള്ള അവസാന തീയതി നവംബർ 13 ആണ്.

എന്നാൽ, പുതിയ നിയമം ഇതുവരെ അന്തിമമായി അംഗീകരിച്ചിട്ടില്ല. ഡി.എച്.എസ് ഔദ്യോഗികമായി നിയമം അംഗീകരിച്ച് പ്രാബല്യത്തിൽ വരുത്തുന്നതുവരെ നിലവിലുള്ള നിയമം തന്നെയായിരിക്കും തുടരുക.

നിലവിലെ നിയമമനുസരിച്ച്, നേരത്തെ അനുവദിച്ച വിസയുടെ തീരുമാനം പുനഃപരിശോധിക്കാൻ യു‌എസ്‌സി‌ഐ‌എസ് ഉദ്യോഗസ്ഥർക്ക് ചില പ്രത്യേക കാരണങ്ങൾ ആവശ്യമാണ്. വിസ അനുവദിച്ചതിൽ പിഴവ് കണ്ടെത്തുക, ജീവനക്കാരന്റെ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുക, അല്ലെങ്കിൽ വിസയ്ക്കുള്ള യോഗ്യതയെ ബാധിക്കുന്ന പുതിയ വിവരങ്ങൾ ലഭിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് മുൻ തീരുമാനം മാറ്റാൻ കഴിയുക.

എന്നാൽ, നേരത്തെ അനുവദിച്ച വിസയുടെ അംഗീകാരത്തിന് പ്രാധാന്യം നൽകണമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കാനാണ് ഡി.എച്.എസ് നിർദേശിക്കുന്നത്. ഇതിനായി നിയമത്തിലെ 8 സിഎഫ്ആർ 214.1(c)(5) എന്ന വകുപ്പ് നീക്കം ചെയ്ത് പകരം ‘Reserved’ എന്ന് രേഖപ്പെടുത്താനാണ് നിർദേശം.

നിലവിലുള്ള നിയമം തൊഴിലുടമകളുടെ ഉത്തരവാദിത്തം കുറക്കുകയും വിസ അപേക്ഷകൾ പരിശോധിക്കുന്ന യു‌എസ്‌സി‌ഐ‌എസ് ഉദ്യോഗസ്ഥർക്ക് അധിക ബാധ്യതയുണ്ടാക്കുകയും ചെയ്യുമെന്നാണ് ഡി.എച്.എസ്-ന്റെ വാദം.ഇമിഗ്രേഷൻ നിയമപ്രകാരം, ഒരു വിദേശ ജീവനക്കാരന് വിസ ലഭിക്കാനുള്ള യോഗ്യതയുണ്ടെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ആ ജീവനക്കാരനെ നിയമിക്കുന്ന തൊഴിലുടമക്കാണ്. എന്നാൽ നേരത്തെ വിസ അനുവദിച്ചിട്ടുണ്ടെന്ന കാരണത്താൽ ഉദ്യോഗസ്ഥർ അതേ തീരുമാനം വീണ്ടും അംഗീകരിക്കേണ്ടിവരുന്നത് ശരിയായ പരിശോധനയെ ബാധിക്കാമെന്നാണ് ഡി.എച്.എസ് ചൂണ്ടിക്കാട്ടുന്നത്.

വിസ പുതുക്കൽ അപേക്ഷകളിൽ നേരത്തെ നൽകിയ അംഗീകാരത്തിന് പരിഗണന നൽകുന്ന നയം യു‌എസ്‌സി‌ഐ‌എസ് ആദ്യമായി അവതരിപ്പിച്ചത് 2004-ലാണ്. എന്നാൽ 2017-ൽ ഈ നയം പിൻവലിച്ച അധികൃതർ 2021-ൽ വീണ്ടും പുനഃസ്ഥാപിച്ചു. ഇപ്പോൾ ഈ നയം വീണ്ടും ഒഴിവാക്കാനാണ് ഡി.എച്.എസ് നീക്കം നടത്തുന്നത്.

പുതിയ നിയമം നടപ്പിലായാൽ എച്ച് വൺബി വിസ പുതുക്കാൻ അപേക്ഷിക്കുന്നവരോട് യു‌എസ്‌സി‌ഐ‌എസ് കൂടുതൽ രേഖകളും തെളിവുകളും ആവശ്യപ്പെട്ടേക്കാം. ജീവനക്കാരൻ ചെയ്യുന്ന ജോലി പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ളതാണോ എന്നതടക്കമുള്ള കാര്യങ്ങൾ വീണ്ടും പരിശോധിക്കാനും സാധ്യതയുണ്ട്.

ഇതിലൂടെ പ്രതിവർഷം 6,044 അധിക രേഖാ പരിശോധനാ നോട്ടീസുകൾ അയക്കേണ്ടിവരുമെന്നാണ് ഡി.എച്.എസ്-ന്റെ കണക്ക്. പരിശോധനകൾ വർധിക്കുന്നത് വിസ പുതുക്കൽ നടപടികൾ വൈകാനും ഇടയാക്കാം.

വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതുക്കലിന് അപേക്ഷിച്ചാൽ, അപേക്ഷയിൽ തീരുമാനമാകുന്നതുവരെ നിലവിലെ നിയമപ്രകാരം 240 ദിവസം വരെ അമേരിക്കയിൽ ജോലി തുടരാൻ ജീവനക്കാർക്ക് അനുമതിയുണ്ട്. എന്നാൽ പരിശോധനാ നടപടികൾ കൂടുതൽ നീണ്ടുപോയാൽ ഈ ദിവസത്തെ പരിധി അവസാനിക്കുന്നതോടെ ജോലി തുടരുന്നതിൽ പ്രതിസന്ധി നേരിടേണ്ടിവന്നേക്കാം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button