യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഇറ്റലിയിൽ പ്രധാനമന്ത്രി മെലോണിക്കടക്കം വ്യാപക വ്യാജ ബോംബ് ഭീഷണി; 300 സ്‌കൂളുകൾ ഒഴിപ്പിച്ചു

റോം : ഇറ്റലിയിൽ ഇ മെയിൽവഴി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെത്തുടർന്ന് മുന്നൂറിലധികം സ്‌കൂളുകൾ ഒഴിപ്പിച്ചു. സ്‌കോട്ട്‌ലൻഡ്, വടക്കൻ അയർലൻഡ്, റിപ്പബ്ലിക് ഓഫ് അയർലൻഡ് എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ കാറിൽ സ്‌ഫോടകവസ്തു സ്ഥാപിച്ചിട്ടുണ്ടെന്നും ഒരു ഇ മെയിൽ സന്ദേശത്തിലുണ്ടായിരുന്നു.

ഭീഷണികൾ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയെങ്കിലും സംഭവം വലിയ പരിഭ്രാന്തി പരത്തി. കുട്ടികളെ കൂട്ടിക്കൊണ്ടുപോവാൻ രക്ഷിതാക്കൾ സ്‌കൂളുകളിൽ ഓടിയെത്തി. അപ്രതീക്ഷിതമായ ഒഴിപ്പിക്കൽ സ്‌കൂളുകൾക്ക് പുറത്തും ആശയക്കുഴപ്പമുണ്ടാക്കി. പോലീസും സർക്കാർ സംവിധാനങ്ങളും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് മെലോണി അറിയിച്ചു. യൂറോപ്പിലെ വിവിധ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് അടുത്തിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സൈബർ ആക്രമണങ്ങളുടെ തുടർച്ചയാണ് സ്‌കൂളുകൾക്ക് നേരെയുള്ള ഈ ഭീഷണിയും.

പല രാജ്യങ്ങളിലും ഒരുപോലെ ഇ മെയിൽ ഭീഷണി സന്ദേശങ്ങൾ വന്നതിനാൽ ഇതിനു പിന്നിൽ വലിയ ശൃംഖലതന്നെയുണ്ടോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഒരു ഭീഷണി ഇമെയിലിന്റെ പകർപ്പിൽ ‘മിഖായേൽ ആൻഡ്രോപോവ്, വിലായത്ത് ഓഫ് മിസോജിനിസ്താന്റെ നേതാവ്’ എന്ന പേരാണ് രേഖപ്പെടുത്തിയത്. അയർലൻഡിലെയും ബൾഗേറിയയിലെയും വാർത്താ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ലഭിച്ച ബോംബ് ഭീഷണി സന്ദേശങ്ങളുടെ ഉത്തരവാദിത്വവും ഇതേ വ്യക്തി അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ പേരിനുപിന്നിലുള്ള വ്യക്തി ആരാണെന്നോ സന്ദേശങ്ങൾക്ക് പിന്നിലെ ലക്ഷ്യമെന്താണെന്നോ ഇതുവരെ അറിവായിട്ടില്ല.

പിന്നിൽ റഷ്യയാണോ എന്ന സംശയവും ചില യൂറോപ്യൻ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചിട്ടുണ്ട്. യുക്രൈനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഭീതിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നീക്കമായിരിക്കാമെന്നാണ് സംശയിക്കുന്നത്. എന്നാൽ, ആരോപണങ്ങൾ റഷ്യ നിഷേധിച്ചു. ഇറാനും യൂറോപ്യൻ രാജ്യങ്ങളുടെ സംശയനിഴലിലുണ്ട്. ഇതിനും തെളിവുകളില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button