അന്തർദേശീയം

ഇന്തോനേഷ്യയിൽ കാട്ടുതീ നിയന്ത്രിക്കാനുള്ള ദൗത്യത്തിനിടെ ഹെലികോപ്റ്റർ നദിയിൽ തകർന്ന് വീണു, ഒരാൾ മരിച്ചു

ജക്കാർത്ത : ഇന്തോനേഷ്യയിൽ കാട്ടുതീ നിയന്ത്രിക്കാനുള്ള ദൗത്യത്തിനിടെ ഹെലികോപ്റ്റർ നദിയിൽ തകർന്നുവീണ് ഒരാൾ മരിച്ചു. തെക്കൻ കലിമന്താൻ മേഖലയിലായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഇന്തോനേഷ്യൻ ജീവനക്കാരനാണ് മരിച്ചത്. ഓസ്ട്രേലിയ, ന്യൂസിലൻഡ് സ്വദേശികളായ മറ്റ് രണ്ടുപേരെ രക്ഷപ്പെടുത്തി.

ഞായറാഴ്ചയാണ് അപകടമുണ്ടായതെന്ന് ഇന്തോനേഷ്യൻ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. തീപിടിത്തം നിയന്ത്രിക്കാൻ വെള്ളം ശേഖരിക്കുന്ന പ്രത്യേക ബക്കറ്റുമായി നദിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് ഹെലികോപ്റ്റർ തകർന്നുവീണത്.

ഭാഗികമായി വെള്ളത്തിൽ മുങ്ങിയ ഹെലികോപ്റ്ററിന് സമീപം ബോട്ടുകളിലെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി അധികൃതർ കരാർ നൽകിയ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർ പ്യൂമ എച്ച്-225 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പ് മധ്യ കലിമന്താൻ മേഖലയിലും കാട്ടുതീ നിയന്ത്രണ ദൗത്യത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് ജീവനക്കാർ മരിച്ചിരുന്നു.

ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളിൽ മാസങ്ങളായി കാട്ടുതീ രൂക്ഷമാണ്. വരൾച്ചയും എൽ നിനോ പ്രതിഭാസത്തിന്റെ ശക്തമായ സ്വാധീനവും തീ നിയന്ത്രിക്കുന്നതിന് വെല്ലുവിളിയാകുന്നുണ്ട്. കലിമന്താൻ, സുമാത്ര ദ്വീപുകളിലെ വനങ്ങളിലും പീറ്റ്‌ലാൻഡ് മേഖലകളിലുമാണ് തീ വ്യാപകമായി പടരുന്നത്.

കാട്ടുതീയിൽനിന്നുള്ള വിഷപ്പുക ഇന്തോനേഷ്യയിലെ നഗരങ്ങളിൽ വായുമലിനീകരണം രൂക്ഷമാക്കിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വർധിച്ചു. പുക അയൽരാജ്യങ്ങളായ മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും വ്യാപിച്ചതോടെ അവിടെയും ആരോഗ്യ ആശങ്കകൾ ഉയർന്നിട്ടുണ്ട്. കാട്ടുതീ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് സഹായവുമായി ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button