യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഗസ്സക്കായി ആംസ്റ്റർഡാമിൽ ചുവപ്പണിഞ്ഞ് പതിനായിരങ്ങളുടെ പ്രതിഷേധ മാർച്ച്

ആംസ്റ്റർഡാം : ​ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നടപടികൾക്കെതിരെ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങൾ ഞായറാഴ്ച ആംസ്റ്റർഡാമിൽ പ്രതിഷേധ മാർച്ച് നടത്തി. ചുവന്ന വസ്ത്രങ്ങൾ ധരിച്ചായിരുന്നു ഭൂരിഭാഗം പേരും അണിനിരന്നത്.

നെതർലൻഡ്‌സിൽ നടന്ന ‘റെഡ് ലൈൻ’ പ്രതിഷേധത്തിന് നേതൃത്വം നൽകിയ സംഘാടകർ ഇസ്രായേലിനെതിരെ കൂടുതൽ കടുത്ത വ്യാപാര ഉപരോധങ്ങൾ ഏർപ്പെടുത്തുക, ​​ഗസ്സയിലെ ഇസ്രായേൽ നടപടികൾ വംശഹത്യയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുക, ഇസ്രായേലിലേക്കുള്ള എല്ലാ ആയുധ വിൽപ്പനയും നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്.

പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ ആംനസ്റ്റി ഇന്റർനാഷണലിന്റെ നെതർലൻഡ്‌സ് ഓൺലൈൻ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ചിൽ രണ്ട് ലക്ഷത്തിലധികം പേർ പങ്കെടുത്തതായും സംഘടന അറിയിച്ചു.

“അവിടെ നടക്കുന്നത് മനുഷ്യത്വരഹിതമാണ്,” വൻ ജനക്കൂട്ടത്തിനൊപ്പം മാർച്ചിൽ പങ്കെടുത്ത മൈക്ക് വാൻ ഡോംഗൻ പറഞ്ഞു. ഡച്ച് സർക്കാരിന്റെ നടപടികളെയും അദ്ദേഹം വിമർശിച്ചു. “എന്റെ കാഴ്ചപ്പാടിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല. ഗൗരവകരമായ നടപടികൾ സ്വീകരിക്കാൻ അവർക്ക് ധൈര്യമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച ഗതാഗതം നിരോധിച്ച ആംസ്റ്റർഡാമിലെ തിരക്കേറിയ തെരുവിലൂടെ പ്രതിഷേധക്കാർ മാർച്ച് നടത്തി. ഇതിനിടെ ബസ് സ്റ്റോപ്പിന് മുകളിൽ നിന്ന ഒരാൾ ഉച്ചഭാഷിണിയിലൂടെ “സ്വതന്ത്ര പലസ്തീൻ, സ്വതന്ത്ര പലസ്തീൻ” എന്ന് മുദ്രാവാക്യം മുഴക്കി. കടന്നുപോയ നിരവധി പ്രതിഷേധക്കാർ ഇതേറ്റുവിളിക്കുകയും ചെയ്തു.

2025 ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം ​ഗസ്സയിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ 1,550-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

​ഗസ്സയിലെ ഇസ്രായേൽ സൈനിക നീക്കം നെതർലൻഡ്‌സും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധങ്ങളിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. ഇസ്രായേലിനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിൽ പിന്തുണ ഉറപ്പാക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് നെതർലൻഡ്‌സിന്റെ വിദേശകാര്യ മന്ത്രി കഴിഞ്ഞ വർഷം രാജിവെച്ചിരുന്നു.

ഇതിനുശേഷം നെതർലൻഡ്‌സിൽ പുതിയ ന്യൂനപക്ഷ സഖ്യസർക്കാർ അധികാരത്തിലെത്തി. ഇസ്രായേൽ അധിനിവേശത്തിലുള്ള വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് പുതിയ സർക്കാർ നിരോധിച്ചു.

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങൾ നിയമവിരുദ്ധമാണെന്നാണ് നെതർലൻഡ്‌സിന്റെയും ഭൂരിഭാഗം ലോകരാജ്യങ്ങളുടെയും നിലപാട്. ഇവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചതോടെ ഇസ്രായേലുമായി നയതന്ത്ര തർക്കത്തിലായി നെതർലൻഡ്‌സ്.

കഴിഞ്ഞ വർഷം നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുത്തിരുന്നെങ്കിലും ഞായറാഴ്ചത്തെ റാലിയിൽ പങ്കെടുക്കാതിരുന്ന പ്രധാനമന്ത്രി റോബ് യെറ്റൻ, വെള്ളിയാഴ്ച നടന്ന പതിവ് വാർത്താസമ്മേളനത്തിൽ തന്റെ സർക്കാരിന്റെ നടപടികളെ ന്യായീകരിച്ചു.

“അവിടത്തെ ദുരിതപൂർണമായ സാഹചര്യം ലഘൂകരിക്കാൻ കഴിയുന്നതെല്ലാം ഓരോ ദിവസവും ഓരോ ആഴ്ചയും ഞങ്ങൾ ചെയ്യുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

​ഗസ്സയുമായി ബന്ധപ്പെട്ട കരാറുകൾ പാലിക്കാൻ ഇസ്രായേലിന് മേൽ കൂടുതൽ രാഷ്ട്രീയവും നയതന്ത്രപരവുമായ സമ്മർദം ചെലുത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സാധാരണ ഇസ്രായേലികളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന വിവിധ ആക്രമണങ്ങൾ തുടരുന്ന ഹമാസിനും മറ്റ് സംഘടനകൾക്കും മേലുള്ള സമ്മർദവും തന്റെ സർക്കാർ ശക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button