വിദേശ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കൽ; യൂറോപ്യൻ യൂണിയൻ നിയമങ്ങളുടെ ലംഘനമെന്ന് വിലയിരുത്തൽ

പുതിയ ബജറ്റിൽ വിദേശ തൊഴിലാളികൾക്കുള്ള (തേർഡ് കൺട്രി നാഷണൽസ്) സൗജന്യ ബസ് യാത്ര ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച സർക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവും നിയമപരമായ ആശങ്കകളും ശക്തമാകുന്നു. യൂറോപ്യൻ യൂണിയൻ (EU) നിയമങ്ങൾ പ്രകാരം ഒറ്റപ്പെട്ട വർക്ക് പെർമിറ്റിൽ (Single Permit) കഴിയുന്ന വിദേശ തൊഴിലാളികൾക്ക് പ്രാദേശിക പൗരന്മാർക്ക് സമാനമായ അവകാശങ്ങൾ നൽകണമെന്നിരിക്കെയാണ് സർക്കാരിൻറെ ഈ നീക്കം.
സമാനമായ രീതിയിൽ വർഷങ്ങൾക്ക് മുമ്പ് ഇറ്റലി വിദേശ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാൻ ശ്രമിച്ചപ്പോൾ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് (ECJ) ആ തീരുമാനത്തെ തള്ളിക്കളയുകയും ഇറ്റലിക്ക് കടുത്ത തിരിച്ചടി നേരിടേണ്ടി വരികയും ചെയ്തിരുന്നു.
ഇറ്റലിയിലെ സമാന സംഭവം :
2016-ൽ ഇറ്റാലിയൻ സർക്കാർ ‘കാർട്ടെ ഡെല്ല ഫാമിലിയ’ (Carta della Famiglia) എന്ന പേരിൽ മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് റേഷൻ, മരുന്ന്, സ്കൂൾ പുസ്തകങ്ങൾ, ബസ് ടിക്കറ്റുകൾ എന്നിവയ്ക്ക് ഇളവ് നൽകുന്ന ഒരു കാർഡ് അവതരിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഇറ്റലിയിൽ നിയമപരമായി താമസിക്കുന്ന എല്ലാവർക്കും ഈ ആനുകൂല്യം ലഭ്യമായിരുന്നുവെങ്കിലും, 2019-ൽ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള തൊഴിലാളികളെ ഇതിൽ നിന്ന് ഒഴിവാക്കി.
തുടർന്ന് ഇറ്റാലിയൻ ഇമിഗ്രേഷൻ അഭിഭാഷകരുടെ സംഘടന (ASGI) കേസ് നൽകിയതിനെ തുടർന്ന്, 2021 ഒക്ടോബറിൽ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് വിദേശ തൊഴിലാളികളെ ഒഴിവാക്കിയത് യൂറോപ്യൻ യൂണിയൻ നിയമങ്ങളുടെ ലംഘനമാണെന്ന് വിധിക്കുകയാണുണ്ടായത്. പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളും ആനുകൂല്യങ്ങളും വിദേശ തൊഴിലാളികൾക്കും ഒരുപോലെ ലഭ്യമാക്കണമെന്ന് കോടതി വ്യക്തമാക്കി.
പുതിയ മാറ്റങ്ങൾ :
പുതിയ ബജറ്റ് പ്രകാരം അടുത്ത ജനുവരി മുതൽ വിദേശ തൊഴിലാളികൾ സൗജന്യ ബസ് യാത്രയ്ക്ക് പകരം പ്രതിമാസം 33 യൂറോ നൽകേണ്ടി വരും. സൗജന്യ ബസ് യാത്രയ്ക്ക് പുറമെ സൗജന്യ ചൈൽഡ് കെയർ ആനുകൂല്യങ്ങളും വിദേശ തൊഴിലാളികളിൽ നിന്ന് പിൻവലിക്കുകയാണ്. ഇതിലൂടെ പ്രതിവർഷം 46 ദശലക്ഷം യൂറോ ലാഭിക്കാനോ സമാഹരിക്കാനോ സാധിക്കുമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ.
എന്നാൽ, രാജ്യത്ത് ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്ന വിദശ തൊഴിലാളികൾക്ക് മറ്റ് പൗരന്മാർക്ക് സമാനമായ അവകാശങ്ങൾ നിയമപരമായി ലഭിക്കാൻ അർഹതയുണ്ടെന്ന് യൂറോപ്യൻ യൂണിയന്റെ 2011-ലെ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.
യൂറോപ്യൻ കമ്മീഷന്റെ മുന്നറിയിപ്പ് :
സിംഗിൾ പെർമിറ്റ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പരിഷ്കരിച്ച യൂറോപ്യൻ യൂണിയൻ നിർദ്ദേശങ്ങൾ സ്വന്തം രാജ്യത്തെ നിയമങ്ങളിൽ ഉൾപ്പെടുത്തുന്നതിൽ മാൾട്ട വീഴ്ച വരുത്തിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള കാലാവധി 2026 മേയിൽ അവസാനിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ യൂറോപ്യൻ കമ്മീഷൻ മാൾട്ടയ്ക്ക് ഔദ്യോഗികമായി നോട്ടീസ് അയച്ചിട്ടുണ്ട്.
കോടതിയുടെ മാനുഷിക ഇടപെടൽ :
അതിനിടെ, ഐഡന്റിറ്റാ ഏജൻസി അനധികൃതമായി രാജ്യത്ത് തുടരുന്നുവെന്ന് കണ്ടെത്തിയ ഡാൻ ബഹാദൂർ ഖാംച എന്ന വിദേശ തൊഴിലാളിയുടെ കേസിൽ ജഡ്ജി ലോറൻസ് മിന്റോഫ് നടത്തിയ മാനുഷിക ഇടപെടൽ ശ്രദ്ധേയമായി. തൊഴിലുടമയുടെ ലൈസൻസ് പുതുക്കാത്തതിനെ തുടർന്നാണ് ഖാംചയുടെ വിസ അപേക്ഷ നിരസിക്കപ്പെട്ടത്. അപേക്ഷ കൃത്യസമയത്ത് നൽകിയതിനാലും മൂന്നാം കക്ഷികളുടെ വീഴ്ചയാണ് ഇതിന് കാരണമായതിനാലും ഖാംചയെ രാജ്യത്തുനിന്ന് പുറത്താക്കാതെ നിയമപരമായി തുടരാൻ അനുവദിക്കണമെന്ന് ജഡ്ജി അധികാരികളോട് നിർദ്ദേശിച്ചു.



