മാൾട്ടാ വാർത്തകൾ

ശക്തമായ ഇടിമിന്നലോട് കൂടിയ മഴ; പലയിടങ്ങളിലും വെള്ളക്കെട്ട്

ശനിയാഴ്ച രാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ കനത്ത മഴയും ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു. സെബ്ബുജ്, ബിർഗു, ബോർമ്ള, ഹമ്രുൻ, ഡിങ്‌ലി തുടങ്ങിയ സ്ഥലങ്ങളിലാണ് ആലിപ്പഴം പെയ്തത്. പുലർച്ചെ നാല് മണി മുതൽ ഏഴ് മണി വരെ ഒറ്റപ്പെട്ട ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ജാഗ്രതാ നിർദ്ദേശമായ ‘യെല്ലോ വാണിങ്ങും’ പുറപ്പെടുവിച്ചു.

കനത്ത മഴയെത്തുടർന്ന് പല തെരുവുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ബുഗിബ്ബ സ്ക്വയറിലും മിസ്ഡയിലും വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. ബുഗിബ്ബയിൽ റോഡുകളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകിയെത്തിയത് മാലിന്യങ്ങൾ കടലിലേക്ക് ഒഴുകിപ്പോകാൻ ഇടയാക്കി.

ഞായറാഴ്ച കാലാവസ്ഥ മെച്ചപ്പെടുമെന്നും കൂടുതൽ തെളിഞ്ഞ കാലാവസ്ഥയും 26 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മധ്യ മെഡിറ്ററേനിയനിലെ കൊടുങ്കാറ്റ്

വടക്കുപടിഞ്ഞാറ് ഭാഗത്തുനിന്ന് മധ്യ മെഡിറ്ററേനിയനിലേക്ക് തണുത്ത വായു നീങ്ങുന്നതിന്റെ ഫലമായാണ് മാൾട്ടയിലും സിസിലിയിലും സമാനമായ രീതിയിൽ കൊടുങ്കാറ്റുകൾ രൂപപ്പെട്ടത്. അതേസമയം, വടക്കേ ആഫ്രിക്കയിൽ നിന്നുള്ള ചൂടുള്ളതും ഈർപ്പമുള്ളതുമായ കാറ്റ് വടക്കോട്ട് വീശുന്നുണ്ട്. ഈ വിപരീത സ്വഭാവമുള്ള വായു പ്രവാഹങ്ങൾ തമ്മിൽ കൂടിച്ചേരുന്നതാണ് ഇടിമിന്നലിനും കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും അനുകൂലമായ സാഹചര്യം ഒരുക്കുന്നത്.

മാൾട്ടയിൽ മഴയെത്തുന്നതിന് തലേദിവസം പടിഞ്ഞാറൻ സിസിലിയിൽ ശക്തമായ ടൊർണാഡോ (ചുഴലിക്കാറ്റ്) വീശിയിരുന്നു. ശക്തമായ കാറ്റിൽ വാഹനങ്ങൾ മറിഞ്ഞുവീഴുകയും മരങ്ങൾ കടപുഴകുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മാർസാലയിലെ ഒരു സ്കൂളിന് കടുത്ത നാശനഷ്ടമുണ്ടായതിനെ തുടർന്ന് മുന്നൂറോളം വിദ്യാഭാർത്ഥികളെ മാറ്റിപ്പാർപ്പിച്ചു. സംഭവത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.

അടുത്ത ആഴ്ചയിലെ കാലാവസ്ഥാ പ്രവചനം

* തിങ്കൾ, ചൊവ്വ : ഭാഗികമായി മേഘാവൃതമായ അന്തരീക്ഷത്തോടെയും തിളക്കമുള്ള വെയിലോടെയും ആഴ്ച                       ആരംഭിക്കും. താപനില പരമാവധി 27 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസ്               വരെയും ഉയരും.

* ബുധൻ :  മഴ പെയ്യാൻ സാധ്യത. താപനില ചെറിയ തോതിൽ കുറഞ്ഞ് പരമാവധി 25 ഡിഗ്രി സെൽഷ്യസ്                    വരെയാകാം.
* വ്യാഴം, വെള്ളി : തെളിഞ്ഞ കാലാവസ്ഥ മടങ്ങിയെത്തും. താപനില 25 ഡിഗ്രി സെൽഷ്യസിന് അടുത്തായി തുടരും.        കാറ്റ് സാധാരണ നിലയിലായിരിക്കും.

ആഴ്ചയിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് 3 മുതൽ 4 വരെ ബ്യൂഫോർട്ട് സ്കെയിൽ ശക്തിയിൽ വീശാനിടയുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button