അന്തർദേശീയം

അന്താരാഷ്ട്ര മുന്നറിയിപ്പുകൾ അവഗണിച്ച് കിഴക്കൻ സമുദ്രത്തിലേക്ക് ഉത്തര കൊറിയ വീണ്ടും മിസൈൽ തൊടുത്തു : ദക്ഷിണ കൊറിയ

സിയോൾ : അന്താരാഷ്ട്ര മുന്നറിയിപ്പുകൾ അവഗണിച്ച് കിഴക്കൻ സമുദ്രത്തിലേക്ക് ഉത്തര കൊറിയ വീണ്ടും മിസൈൽ തൊടുത്തതായി ദക്ഷിണ കൊറിയ. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് പ്രകോപനം . കഴിഞ്ഞ മാസം അതിർത്തിയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ മൂന്ന് ദക്ഷിണ കൊറിയൻ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 6.30 ഓടെ ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തുള്ള വോൺസാൻ മേഖലയിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ഈ മിസൈൽ 700 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വിക്ഷേപണത്തെത്തുടർന്ന് തങ്ങളുടെ സൈനിക നിരീക്ഷണവും സജ്ജീകരണങ്ങളും ശക്തമാക്കിയതായി അറിയിച്ച ദക്ഷിണ കൊറിയ യുഎസ് അധികൃതരുമായി ചേർന്ന് മിസൈലിന്റെ സാങ്കേതിക വിവരങ്ങൾ കൂടുതൽ വിശകലനം ചെയ്തുവരികയാണെന്നാണ് ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് പുറത്ത് വിട്ട പ്രസ്താവനയിൽ വിശദമാക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണ് ഇത്തരം നീക്കങ്ങളെന്ന് ചൂണ്ടിക്കാട്ടിയ സിയോൾ ഭരണകൂടം, മിസൈൽ വിക്ഷേപണങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് ഉത്തര കൊറിയയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ ഉത്തര കൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്. എന്നാൽ ഉത്തര കൊറിയ ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളയുകയും സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തെ ഒരു നാടകമെന്ന് പരിഹസിക്കുകയുമാണ് ചെയ്തത്.

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ ഏറ്റവും പുതിയ ഭീഷണി വിലയിരുത്തൽ റിപ്പോർട്ട് അനുസരിച്ച് അമേരിക്കൻ വൻകരയിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള അന്തർഭൂഖണ്ഡ ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. കൂടാതെ ഉക്രെയ്നെതിരായ യുദ്ധത്തിൽ പങ്കെടുത്തതിലൂടെ റഷ്യയിൽ നിന്ന് വിലയേറിയ യുദ്ധപരിപരിചയവും സൈനിക സാങ്കേതികവിദ്യയും ഉത്തര കൊറിയ നേടിയെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2024ൽ പുടിനുമായി ഒപ്പുവെച്ച സൈനിക കരാറിന് ശേഷം, ഹൈപ്പർസോണിക് മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധ വികസനത്തിൽ ഉത്തര കൊറിയ അതിവേഗ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് ജപ്പാനും തങ്ങളുടെ പ്രതിരോധ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button