ഖ്വേഷം ദ്വീപിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതായി റിപ്പോർട്ട്

തെഹ്റാൻ : ഹോർമൂസ് കടലിടുക്കിലെ ഇറാന്റെ തെക്കൻ ദ്വീപായ ഖ്വേഷമിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാൻ്റെ പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകുന്നേരം ദ്വീപിൽ അഞ്ചു മുതൽ ആറു വരെ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് ഐആർഎൻഎ റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ചയാണ് ദ്വീപിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയതെന്നാണ് ഹോർമോസ്ഗാൻ പ്രവിശ്യാ ഗവർണറുടെ രാഷ്ട്രീയ, സുരക്ഷാ, സാമൂഹികകാര്യ ഡെപ്യൂട്ടി അഹമ്മദ് നഫീസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ ആക്രമണത്തിൽ ദ്വീപിലെ താമസകേന്ദ്രങ്ങൾക്കോ വാണിജ്യ സ്ഥാപനങ്ങൾക്കോ മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കോ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും നഫീസി വ്യക്തമാാക്കിയിട്ടുണ്ട്. ഖ്വേഷമിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും രക്ഷാപ്രവർത്തന, സേവന, ഭരണ സംവിധാനങ്ങളെല്ലാം അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കയ്ക്കെതിരെ ‘ഡേർട്ടി ബോംബ്’ ഉപയോഗിക്കാൻ ഇറാൻ പദ്ധതിയിടുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നിൽ ഇസ്രയേലിന്റെ ഇടപെടലാണെന്ന് ഇതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ഇറാൻ രാസായുധങ്ങൾ ഉപയോഗിച്ച് വാഷിങ്ടണിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളെ അദ്ദേഹം തള്ളി. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇറാൻ വാഷിങ്ടണിൽ രാസായുധ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായും അണക്കെട്ടുകൾക്ക് അടിയിൽ മിസൈൽ താവളങ്ങൾ നിർമിക്കുന്നതായും കഴിഞ്ഞ 72 മണിക്കൂറിനിടെ ഇസ്രയേൽ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം അസംബന്ധമാണെന്ന് അരാഗ്ചി സമൂഹമാധ്യമത്തിൽ കുറിച്ചു. ഇറാഖ് യുദ്ധത്തിന് മുമ്പ് പ്രചരിപ്പിച്ചിരുന്നതിന് സമാനമായ വ്യാജപ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഇതിന് പിന്നിൽ ഇസ്രയേലിന്റെ ഇടപെടൽ വ്യക്തമായി കാണാമെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രചാരണങ്ങൾ ആരും വിശ്വസിക്കില്ലെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. വാഷിങ്ടണിൽ ‘ഡേർട്ടി ബോംബ്’ പൊട്ടിക്കാനുള്ള സാധ്യത ഉൾപ്പെടെയുള്ള പദ്ധതികൾ ഇറാൻ ആസൂത്രണം ചെയ്യുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് സൂചനകളുണ്ടെന്ന് ഉദ്യോഗസ്ഥരെയും മറ്റ് സ്രോതസുകളെയും ഉദ്ധരിച്ച് സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സാധാരണ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് റേഡിയോ ആക്ടീവ് വസ്തുക്കൾ വ്യാപിപ്പിക്കുന്ന ഉപകരണമാണ് ഡേർട്ടി ബോംബ്.
നേരത്തെ ഒമാൻ സന്ദർശനത്തിനിടെ ഖത്തർ പ്രതിനിധി സംഘവുമായി അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ച നടത്തിയിരുന്നു.പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും പ്രാദേശിക സംഭവവികാസങ്ങളുമാണ് ചർച്ചയായതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തിയത്. മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തതായി ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള കൂടിയാലോചനകൾ തുടരേണ്ടതിന്റെ പ്രാധാന്യം അരാഗ്ചി കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു. മേഖലയ്ക്ക് പുറത്തുനിന്നുള്ള ശക്തികൾ നടത്തുന്ന അസ്ഥിരതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന നീക്കങ്ങളെ ചെറുക്കാൻ പ്രാദേശിക രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..



