മാൾട്ടാ വാർത്തകൾ

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വൈദ്യുതി തടസ്സം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് എനെമാൾട്ട

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വൈദ്യുതി തടസ്സം നേരിട്ട ഉപഭോക്താക്കൾക്ക് എക്‌സ്-ഗ്രേഷ്യ (ex-gratia) ധനസഹായം നൽകുമെന്ന് പ്രമുഖ ഊർജ്ജ വിതരണ കമ്പനിയായ എനെമാൾട്ട (Enemalta) അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആകെ ആറ് മണിക്കൂറോ അതിൽ കൂടുതലോ വൈദ്യുതി തടസ്സം നേരിട്ട ഉപഭോക്താക്കൾക്കാണ് ഈ സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കുക.
2026 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മാൾട്ടയിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും കടുത്ത ഉഷ്ണതരംഗവും ഉയർന്ന താപനിലയുമാണ് രേഖപ്പെടുത്തിയത്. ഇത് മൂലം വൈദ്യുതി ഉപയോഗം വർദ്ധിക്കുകയും വിതരണത്തിൽ തടസ്സങ്ങൾ നേരിടുകയും ചെയ്തിരുന്നു.
വൈദ്യുതി മുടങ്ങിയ സമയത്തിന്റെ ദൈർഘ്യമനുസരിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചിരിക്കുന്നത്:
  • 6 മുതൽ 8 മണിക്കൂർ വരെ : €60 (യൂറോ)
  • 8 മുതൽ 12 മണിക്കൂർ വരെ : €70
  • 12 മുതൽ 24 മണിക്കൂർ വരെ : €80
  • 24 മുതൽ 36 മണിക്കൂർ വരെ : €90
  • 36 മുതൽ 48 മണിക്കൂർ വരെ : €100
  • 48 മണിക്കൂറിന് മുകളിൽ : €110
ഗാർഹിക ഉപഭോക്താക്കൾക്ക് ഈ തുക ലഭിക്കുന്നതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. എനെമാൾട്ടയുടെ സിസ്റ്റം വഴി യോഗ്യരായവരെ കണ്ടെത്തി അവരുടെ അടുത്ത വൈദ്യുതി ബില്ലിൽ തുക ക്രഡിറ്റായി ലഭ്യമാക്കും. ബില്ലിൽ “Pagament ex gratia / Ex-Gratia Payment” എന്ന പേരിലായിരിക്കും ഈ തുക രേഖപ്പെടുത്തുക.
യോഗ്യതയുണ്ടായിട്ടും ബില്ലിൽ തുക ലഭിക്കാത്ത ഗാർഹിക ഉപഭോക്താക്കൾക്ക് 2026 ഒക്ടോബർ 1 മുതൽ 2027 ജനുവരി 31 വരെ ഇതിനായുള്ള പ്രത്യേക ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്. അതേസമയം, ബിസിനസ്സ്/വാണിജ്യ ഉപഭോക്താക്കൾക്ക് (Non-residential) ‘മാൾട്ട എന്റർപ്രൈസ്’ ഓൺലൈൻ പോർട്ടൽ വഴി സഹായത്തിനായി അപേക്ഷിക്കാം.
ദേശീയ വൈദ്യുതി വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നവീകരിക്കുന്നതിനുമായി വലിയ രീതിയിലുള്ള നിക്ഷേപങ്ങൾ തുടർന്നുപോരുമെന്ന് എനെമാൾട്ട അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 153 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button