അന്തർദേശീയംടെക്നോളജി

ഓസ്ട്രേലിയയുടെ ആരോഗ്യ സൈറ്റിൽ നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തി ഓപ്പൺ എഐ

സിഡ്നി : ഓപ്പൺ എഐയുടെ ഏജന്റ് ഓസ്ട്രേലിയൻ സർക്കാരിന്റെ വെബ്സൈറ്റിൽ അനുമതിയില്ലാതെ പ്രവേശിച്ച് വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. ഓസ്ട്രേലിയയുടെ സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘മെഡികെയർ’ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിങ് സർവീസ് പോർട്ടലിലാണ് എഐ ഏജന്റ് പ്രവേശിച്ചത്. ന്യൂ സൗത്ത് വെയ്ൽസ്, വിക്ടോറിയ സംസ്ഥാനങ്ങളിലെ ആരോഗ്യ-കുറ്റകൃത്യ അന്വേഷണ ഏജൻസികളുടെ മൂന്ന് സിസ്റ്റങ്ങളെക്കൂടി എഐ ഏജന്റ് ചോർത്തിയിട്ടുണ്ടെന്നും സംശയമുണ്ട്.

വ്യക്തിഗത വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പൊതുവായ സ്ഥിതിവിവരക്കണക്കുകൾ അടങ്ങിയ ഫയലുകളാണ് എഐ ഏജന്റ് ശേഖരിച്ചത്. എഐ ഏജന്റ് സർക്കാർ സംവിധാനത്തിലേക്ക് കടന്നുകയറുന്ന ലോകത്തിലെ ആദ്യ സംഭവമാണിത്.

ഓസ്ട്രേലിയയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായി നടത്തിയ പരിശോധനകൾക്കിടയിലാണ് അപ്രതീക്ഷിതമായി വെബ്സൈറ്റുകളിലേക്ക് കടന്നുകയറിയതെന്ന് ഓപ്പൺഎഐ വ്യക്തമാക്കി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി സംസാരിക്കുകയും വിഷയത്തിൽ കടുത്ത അമർഷവും നിരാശയും രേഖപ്പെടുത്തുകയും ചെയ്തു.

ഓപ്പൺഎഐയുടെ പ്രോട്ടോക്കോളുകളിൽ വീഴ്ച പറ്റിയതായി സാം ആൾട്ട്മാൻ സമ്മതിച്ചു. സംഭവത്തിൽ ഓസ്ട്രേലിയൻ സൈബർ സെക്യൂരിറ്റി ഏജൻസി ഫോറൻസിക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്പനിക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button