ടേക്ക് ഓഫിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാർ; ഇറാനിൽ വിമാനത്തിന്റെ സീലിങ് തകർന്നുവീണ് അപകടം

തെഹ്റാൻ : ഇറാനിൽ വിമാനത്തിന്റെ സീലിങ് തകർന്നുവീണ് അപകടം. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാറുണ്ടാവുകയും വിമാനത്തിന്റെ സീലിങ് പാനലുകൾ തകർന്നുവീഴുകയുമായിരുന്നു. ഇറാനിലെ സെപെഹ്റാൻ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനത്തിലാണ് സംഭവം.
വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ ലാൻഡിംഗ് ഗിയറിലെ ഒരു ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേതുടർന്ന് വിമാനത്തിന്റെ എൻജിനുകളിലൊന്നിന് കേടുപാടുകൾ സംഭവിക്കുകയും വിമാനത്തിനുള്ളിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. സെപ്റ്റംബർ 15ന് മഷ്ഹദിൽ നിന്ന് കെയർമാൻഷയിലേക്ക് പറന്നുയർന്ന വിമാനത്തിലാണ് സംഭവം.
വിമാനം ശക്തമായി കുലുങ്ങിയതോടെ ക്യാബിന്റെ ഉള്ളിലെ സീലിങ് പാനലുകളും ഓവർഹെഡ് കംപാർട്ട്മെന്റുകളും അടർന്നു വീണു. അപകടഭീഷണി ഉണ്ടായിരുന്നെങ്കിലും യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വിമാനത്തിനുള്ളിൽ യാത്രക്കാരുടെ സാധനങ്ങൾ താഴേക്ക് പതിക്കുകയും ആളുകൾ ഭയന്ന് നിലവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
ലാൻഡിംഗിന് ശേഷം എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. പൈലറ്റിന്റെ സമയബന്ധിതമായ ഇടപെടലിനെ തുടർന്ന് വിമാനം മഷ്ഹദ് ഹാഷെമി നെജാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിളിക്കുകയും സുരക്ഷിതമായി അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു.


