അന്തർദേശീയം

സൈനിക-സിവിലിയൻ റിക്രൂട്ടുകളെ പരിശീലിപ്പിക്കുന്നതിനായി പുതിയ ‘സ്‌പേസ് അക്കാദമി’ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ ഡിസി : ചൈനയുമായുള്ള കടുത്ത ബഹിരാകാശ മത്സരത്തിന്റെ പശ്ചാത്തലത്തിൽ, ഭാവിയിലെ സൈനിക-സിവിലിയൻ റിക്രൂട്ടുകളെ പരിശീലിപ്പിക്കുന്നതിനായി പുതിയ ‘സ്‌പേസ് അക്കാദമി’ സ്ഥാപിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ വെച്ചാണ് ട്രംപ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. പ്രശസ്തമായ വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയുടെ മാതൃകയിലായിരിക്കും പുതിയ സ്ഥാപനമെന്നും ട്രംപ് വ്യക്തമാക്കി.

‘ഇതിന്റെ പേര് യു.എസ് സ്പേസ് അക്കാദമി എന്നാണ്, അതൊരു വലിയ കാര്യമാണ്. പുതിയ സ്കൂൾ രൂപീകരിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ടുകൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കൻ സൈന്യത്തിന്റെ ആറാമത്തെ വിഭാഗമായ ‘സ്പേസ് ഫോഴ്സിനും’, നാസക്കും, സിവിലിയൻ ബഹിരാകാശ വ്യവസായ മേഖലയ്ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് അക്കാദമി പ്രവർത്തിക്കുക.

രാജ്യത്തെ ഏറ്റവും മിടുക്കരായ പ്രതിഭകളെ ആകർഷിക്കാനും പരിശീലിപ്പിച്ച് പുറത്തിറക്കാനും ഇതിലൂടെ സാധിക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. വെനിസ്വേലയിലും ഇറാനിലുൾപ്പെടെ അടുത്തിടെ നടന്ന അമേരിക്കൻ സൈനിക നീക്കങ്ങളിൽ യു.എസ് സ്പേസ് ഫോഴ്സ് നിർണായക പങ്ക് വഹിച്ചതായും ട്രംപ് പ്രശംസിച്ചു. എന്നാൽ പുതിയ അക്കാദമി എവിടെയാണ് നിർമിക്കുക എന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഇതോടൊപ്പം, കഴിഞ്ഞ ഏപ്രിലിൽ ചന്ദ്രന് ചുറ്റും പറന്ന നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികൾക്ക് ട്രംപ് കോൺഗ്രഷണൽ സ്പേസ് മെഡൽ ഓഫ് ഓണർ സമ്മാനിക്കുകയും ചെയ്തു. ഈ സുപ്രധാന നീക്കത്തിലൂടെ ബഹിരാകാശ രംഗത്ത് തങ്ങളുടെ ആധിപത്യം കൂടുതൽ ശക്തമാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

സൈനികമായും സാങ്കേതികപരമായും ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള മത്സരവേദിയായി ബഹിരാകാശം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. 2030ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള കടുത്ത മത്സരത്തിലാണ് അമേരിക്കയും ചൈനയും. അരനൂറ്റാണ്ടിന് മുൻപ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽകുത്തിയതിന്‍റെ ഓർമകൾക്ക് അപ്പുറത്തേക്ക്, ചൊവ്വയിലേക്കും ചന്ദ്രനിലേക്കും കൂടുതൽ റോക്കറ്റുകൾ വിക്ഷേപിച്ചുക്കൊണ്ട് ബഹിരാകാശത്തിന്റെ ഒരു ‘സ്വർണ്ണ കാലഘട്ടത്തിന്’ നേതൃത്വം നൽകുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ പുതിയ അക്കാദമി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button