മാൾട്ടാ വാർത്തകൾ

പൊതുസ്ഥലങ്ങളിൽ സൗജന്യ കുടിവെള്ളം; പുതിയ പദ്ധതിയുമായി ലേബർ എം.ഇ.പി തോമസ് ബജാദ

പ്രാദേശിക സമൂഹങ്ങൾക്ക് ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള വ്യാപകമായ ശ്രമങ്ങളുടെ ഭാഗമായി, ഷുറീഖിലെ (Żurrieq) പൊതുസ്ഥലത്ത് സൗജന്യ കുടിവെള്ള സംവിധാനം ഒരുക്കി ലേബർ പാർട്ടി എം.ഇ.പി തോമസ് ബജാദ.

യൂറോപ്യൻ പാർലമെന്റിലെ ‘സോഷ്യലിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റ്സ്’ ധനസഹായത്തോടെ ആരംഭിച്ച ഈ പദ്ധതി കുട്ടികൾ, മുതിർന്നവർ, കുടുംബങ്ങൾ, നടത്തത്തിനിറങ്ങുന്നവർ തുടങ്ങി പൊതുസ്ഥലം ഉപയോഗിക്കുന്ന ഏവർക്കും ഒരുപോലെ പ്രയോജനപ്പെടും.

യൂറോപ്യൻ പാർലമെന്റിന്റെ ‘വാട്ടർ റെസിലിയൻസ് സ്ട്രാറ്റജി’യിൽ താൻ നടത്തിയ ഇടപെടലുകളുടെ തുടർച്ചയാണിത്. കുടിവെള്ള ലഭ്യത എന്നത് ഒരു ആനുകൂല്യമല്ല, മറിച്ച് മനുഷ്യന്റെ അവകാശമാണെന്ന് ബജാദ വ്യക്തമാക്കി. ഈ തത്വം നയരേഖകളിൽ മാത്രം ഒതുങ്ങാതെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ പ്രായോഗികമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മാൾട്ടാ വാട്ടർ സർവീസസ് കോർപ്പറേഷന്റെ കുടിവെള്ള ഗുണനിലവാരം ഉയർത്താനുള്ള ശ്രമങ്ങളുമായി ഇതിനെ കൂട്ടിവായിക്കാം. പൊതുസ്ഥലങ്ങളിൽ കുടിവെള്ളം ലഭ്യമാകുന്നതോടെ ആളുകൾ പുനരുപയോഗിക്കാവുന്ന ബോട്ടിലുകൾ കൊണ്ടുനടക്കാൻ ശീലിക്കുകയും, ഇത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

പദ്ധതിയിൽ പങ്കാളികളായ ഷുറീഖ് മേയർ റിറ്റ ഗ്രിമയ്ക്കും ലോക്കൽ കൗൺസിലിനും അദ്ദേഹം നന്ദി അറിയിച്ചു. മാൾട്ടയിലെയും ഗോസോയിലെയും മറ്റ് കൗൺസിലുകൾക്കും സമാനമായ സൗകര്യങ്ങൾ ഒരുക്കാൻ തന്നെയുമായി ബന്ധപ്പെടാമെന്ന് ബജാദ ക്ഷണിച്ചു. ബജാദയുടെ ‘കുൾ ഖാത്ര ത്യൂദ്’ (Kull Qatra Tgħodd – ഓരോ തുള്ളിയും വിലപ്പെട്ടത്) എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button