അന്തർദേശീയം

തുര്‍ക്കിയുടെ സൈനിക വിമാനങ്ങള്‍ പാകിസ്താനിലേക്ക് നിഗൂഢ സൈനിക നീക്കം നടത്തിയതായി റിപ്പോർട്ട്

ഇസ്ലാമാബാദ് : കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുർക്കിയുടെ സൈനിക വിമാനങ്ങൾ പാകിസ്താനിലേക്ക് തുടർച്ചയായി അസാധാരണ സർവീസുകൾ നടത്തിയതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 19 മുതൽ 21 വരെയുള്ള 60 മണിക്കൂറുകൾക്കിടയിലാണ് ഈ നിഗൂഢ സൈനിക നീക്കം ഉണ്ടായത്. തുർക്കി വ്യോമസേനയുടെ ഒന്നിലധികം സി-130 ഹെർക്കുലീസ് ചരക്ക് വിമാനങ്ങളാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ തുടർച്ചയായി സർവീസ് നടത്തിയത്.

റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിലും കറാച്ചിയിലെ മസ്റൂർ വ്യോമതാവളത്തിലുമാണ് തുർക്കി വിമാനങ്ങൾ വന്നിറങ്ങിയതും തിരികെ പറന്നതും. ഈ അസാധാരണ സൈനിക നീക്കം ഇന്റലിജൻസ് ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

തുർക്കി പാകിസ്താന് വൻതോതിൽ ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും കൈമാറിയതായാണ് സംശയം. പാകിസ്താൻ തങ്ങളുടെ ഡ്രോൺ വ്യൂഹവും ആയുധശേഖരവും അതിവേഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ വിമാന സർവീസുകൾ എന്നാണ് റിപ്പോർട്ടുകൾ. തുർക്കിയിൽ നിന്ന് വലിയൊരു ഡ്രോൺ ശേഖരവും അനുബന്ധ സംവിധാനങ്ങളും ഈ വിമാനങ്ങൾ വഴി പാകിസ്താനിൽ എത്തിച്ചതായാണ് വിവരം. ഇതിനുപുറമേ, വ്യോമ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി വ്യോമപ്രതിരോധ സംവിധാനങ്ങളും പാകിസ്താന് ലഭിച്ചിട്ടുണ്ടാകാമെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ കരുതുന്നു.

നേരത്തെയും തുർക്കിയിൽ നിന്ന് അത്യാധുനിക ഡ്രോണുകൾ പാകിസ്താൻ വാങ്ങിയിട്ടുണ്ട്. അതിൽ പ്രശസ്തമായ ഒന്നാണ് ഇടത്തരം ഉയരത്തിൽ ദീർഘനേരം പറക്കാൻ ശേഷിയുള്ള ബൈരക്തർ ബെയ്‌റാക്തർ ടിബി2 (Bayraktar TB2) ഡ്രോൺ. റഷ്യ-യുക്രൈൻ യുദ്ധത്തിൽ റഷ്യൻ കവചിത വാഹനങ്ങളും നാവിക ആസ്തികളും തകർക്കാൻ യുക്രൈൻ വിജയകരമായി ഉപയോഗിച്ചതോടെയാണ് ബൈരക്തർ ടിബി2 ഡ്രോൺ ലോകശ്രദ്ധ നേടിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നതെങ്കിലും, ഡ്രോൺ അധിഷ്ഠിത ആയുധശേഖരം വർദ്ധിപ്പിക്കാൻ പാക് സൈന്യം അതീവ താല്പര്യം കാണിക്കുന്നുണ്ട്. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ നേരിട്ടുള്ള താല്പര്യപ്രകാരമാണ് ഈ ആയുധ ഇടപാടുകൾ നടക്കുന്നത് എന്നാണ് വിവരം. തുർക്കിയും സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണ കരാറുകൾ ഉപയോഗപ്പെടുത്തിയാണ് പാകിസ്താൻ ഈ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് എന്നാണ് സൂചന.

അഫ്ഗാനിസ്താനുമായുള്ള തങ്ങളുടെ പടിഞ്ഞാറൻ അതിർത്തികളിൽ നിരീക്ഷണങ്ങൾക്കും ആക്രമണങ്ങൾക്കുമായി പാകിസ്താൻ നിലവിൽ തുർക്കി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളും ദീർഘദൂര യുഎവികളും മറ്റ് ആധുനിക നിരീക്ഷണ സംവിധാനങ്ങളും സ്വന്തമാക്കാൻ പാകിസ്താൻ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button