അന്തർദേശീയം

മക്ക പ്രതിരോധ കരാറിന്റെ ഭാഗമാകാൻ ഇറാനെ ക്ഷണിച്ചതായി പാക്ക് മാധ്യമങ്ങൾ

ടെഹ്റാൻ : ഫെബ്രുവരി മുതൽ പശ്ചിമേഷ്യയിൽ അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന ഇറാനെ, സൗദി അറേബ്യയും തുർക്കിയും പാകിസ്താനും ചേർന്ന് രൂപീകരിച്ച മക്ക പ്രതിരോധ കരാറിന്റെ ഭാഗമാകാൻ ക്ഷണിച്ചതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ പാർലമെന്റിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖാനെ മില്ലത്തിന്റെ തലവൻ മെഹ്ദി റഹീമിയെ ഉദ്ധരിച്ച് പാകിസ്താനിലെ സമാ ടിവിയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇറാൻ ഈ വാഗ്ദാനം ഗൗരവത്തോടെ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. വാർത്ത സത്യമാണെങ്കിൽ പശ്ചിമേഷ്യൻ മേഖലയിൽ വലിയൊരു മാറ്റത്തിനാണ് ഇത് വഴിയൊരുക്കാൻ പോകുന്നത്. ഇറാനിൽ ഈ വിഷയം നിലവിൽ സജീവ പരിഗണനയിലാണെന്ന് മെഹ്ദി റഹീമി ലെബനൻ ആസ്ഥാനമായുള്ള അൽ മയാദീൻ ചാനലിനോടാണ് ഇക്കാര്യം പറഞ്ഞത്. ഇതാണ് പാക് ചാനൽ വാർത്തയാക്കിയത്. ഈ ക്ഷണം ആരാണ് അയച്ചതെന്നോ എപ്പോഴാണ് ലഭിച്ചതെന്നോ ഉള്ള കൃത്യമായ വിവരങ്ങൾ റഹീമി പുറത്തുവിട്ടിട്ടില്ല. കൂടാതെ കരാർ ഒപ്പുവെച്ച മൂന്ന് സ്ഥാപക രാജ്യങ്ങളും ഇക്കാര്യം ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടുമില്ല.

ഞെട്ടിക്കുന്ന മാറ്റം, സംഭവിച്ചാൽ ചരിത്രം

ഇറാനും ഇറാന്റെ പ്രോക്‌സികളും സൗദിയെ ലക്ഷ്യമിടുന്നത് തുടരുമ്പോഴാണ് അവരുൾപ്പെടുന്ന സഖ്യത്തിലേക്ക് ഇറാനെ ക്ഷണിച്ചതായുള്ള വാർത്തകൾ വരുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള നിലവിൽ തുടരുന്ന യുദ്ധത്തിനിടെ ഇറാനും ഇറാന്റെ സഖ്യകക്ഷികൾ സൗദി അറേബ്യയുടെ ഊർജ്ജ സംവിധാനങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇറാന്റെ മിസൈലുകളും ഡ്രോണുകളും സൗദിയുടെ വ്യോമപരിധിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇറാൻ മുഖ്യമായും ലക്ഷ്യമിട്ടത് ഇവിടുത്തെ അമേരിക്കൻ ലക്ഷ്യങ്ങളായിരുന്നു. മക്ക കരാർ ഒപ്പുവച്ച സമയത്ത് സൗദിക്ക് ഇറാനിൽ നിന്നുള്ള സംരക്ഷണം, പാകിസ്താന് ഇന്ത്യയിൽ നിന്നുള്ള സുരക്ഷാ ഉറപ്പ്, തുർക്കിക്ക് ഇസ്രയേലെന്ന ഭീഷണിക്കുള്ള ബദൽ അങ്ങനെയൊക്കെയാണ് വിശദീകരിച്ച് കേട്ടിരുന്നത്. എന്നാൽ സൗദിക്ക് ഭീഷണിയായിരുന്ന ഒരു രാജ്യത്തെ പ്രതിരോധ സഖ്യത്തിലേക്ക് കൊണ്ടുവരുന്നത് വലിയൊരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ ഈ സഖ്യത്തിൽ ചേരുന്നതോടെ, ഈ കരാറിന്റെ പ്രാധാന്യം ഇറാന് എതിരെയുള്ള പ്രതിരോധം എന്നതിൽ നിന്നും മാറി ഒരു പ്രാദേശിക സുരക്ഷാ വേദിയായി മാറും എന്നതാണ്.

പശ്ചിമേഷ്യൻ മേഖലയിൽ വലിയൊരു മാറ്റത്തിനാണ് ഇത് വഴിതുറക്കുന്നത്. നേരത്തെ സഖ്യത്തിലേക്ക് ഈജിപ്ത് ചേർന്നേക്കുമെന്ന വാർത്തകൾ വന്നിരുന്നു. ഇതിനുപുറമെ സിറിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളേയും കൂടെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഞങ്ങൾക്ക് ക്ഷണം കിട്ടിയെന്ന് ഇറാന്റെ ഭാഗത്തുനിന്ന് പ്രതികരണം വരുന്നത്. ഏറെക്കാലമായി ഇറാനെ അംഗീകരിക്കാതിരുന്ന സൗദി, 2023ലാണ് അവരുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം സത്യമായാൽ മേഖലയിൽ യുഎസിന്റെ ആധിപത്യത്തിനാണ് മാറ്റം വരാൻ പോകുന്നത്.

എന്താണ് മക്ക കരാർ?

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ ചേർന്ന് ഓഗസ്റ്റ് 7-നാണ് മക്കയിൽ വെച്ച് ചരിത്രപ്രധാനമായ ഈ കരാർ ഒപ്പിട്ടത്. ഇതിലെ പ്രധാന വ്യവസ്ഥ അനുസരിച്ച്, സഖ്യത്തിലെ ഒരു അംഗരാജ്യത്തിന് നേരെ ഉണ്ടാകുന്ന സായുധ ആക്രമണം മുഴുവൻ അംഗങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. ഇതിനെ നാറ്റോയുടെ അഞ്ചാം വകുപ്പുമായി മാധ്യമങ്ങൾ താരതമ്യം ചെയ്യുന്നുണ്ടെങ്കിലും, ആക്രമണമുണ്ടായാൽ അംഗരാജ്യങ്ങൾ സ്വീകരിക്കേണ്ട കൃത്യമായ സൈനിക നടപടികളെക്കുറിച്ച് പരസ്യമാക്കിയ കരാർ രേഖകളിൽ വ്യക്തമാക്കുന്നില്ല. മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഇതിനെ ‘ഇസ്ലാമിക് നാറ്റോ’ എന്നാണ് വിശേഷിപ്പിക്കുന്നത്.

കൂട്ടായ പ്രതിരോധം, പ്രതിരോധ വ്യവസായ രംഗത്തെ സഹകരണം, സംയുക്ത സൈനിക അഭ്യാസങ്ങൾ, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ എന്നിവയാണ് ഈ മക്ക കരാറിന്റെ നാല് പ്രധാന ലക്ഷ്യങ്ങൾ. സുരക്ഷാ സാങ്കേതിക വിദ്യകളുടെ കൈമാറ്റവും സംയുക്ത ഉത്പാദനവും ഇതിലൂടെ ലക്ഷ്യമിടുന്നു. എന്നാൽ ഒരു അംഗരാജ്യത്തിന് നേരെ ആക്രമണം ഉണ്ടായാൽ മറ്റ് രാജ്യങ്ങൾ നൽകേണ്ട പിന്തുണയുടെ സ്വഭാവം കൂടിയാലോചനകളിലൂടെ മാത്രമേ നിശ്ചയിക്കൂ. അതേസമയം, ഏതെങ്കിലും ഒരു രാജ്യം മറ്റൊരു അംഗ രാജ്യത്തിന് നേരെ ആക്രമണം നടത്തുകയോ അല്ലെങ്കിൽ ആക്രമണത്തിനായി സ്വന്തം ഭൂമി വിട്ടുകൊടുക്കുകയോ ചെയ്താൽ അവർക്ക് സഖ്യത്തിന്റെ സുരക്ഷാ പരിരക്ഷ നഷ്ടമാകും എന്ന വ്യവസ്ഥയും ഇതിലുണ്ട്.

ഇറാൻ ഈ കരാറിൽ പങ്കാളിയാകുന്നത് പശ്ചിമേഷ്യൻ സുരക്ഷാ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. ഇത് യു.എസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ മേഖലയിലെ സ്വാധീനം കുറയ്ക്കാനും പശ്ചിമേഷ്യൻ രാജ്യങ്ങളുടെ തന്ത്രപരമായ സ്വയംഭരണാധികാരം ശക്തിപ്പെടുത്താനും സഹായിക്കും. മാത്രമല്ല, പശ്ചിമേഷ്യൻ സുരക്ഷയും പ്രധാന ഊർജ്ജ പാതകളും കൂടുതൽ പ്രാദേശിക നിയന്ത്രണത്തിലാക്കാനും ഇതൊരു ബഹുമുഖ സുരക്ഷാ ക്രമീകരണത്തിലേക്ക് മാറാനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button