മാൾട്ടാ വാർത്തകൾ

മാറ്റർ ഡെയ് ആശുപത്രിയിലെ അസൗകര്യങ്ങൾ; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

മാറ്റർ ഡെയ്‌യിലെ (Mater Dei) അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വർദ്ധിച്ചുവരുന്ന തിരക്കും ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷമായ നാഷണലിസ്റ്റ് പാർട്ടി (PN). വേനൽക്കാലത്ത് മാത്രമല്ല, വർഷം മുഴുവൻ ആശുപത്രി കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് പാർട്ടി വ്യക്തമാക്കി.

മാനസികാരോഗ്യ ചികിത്സ ലഭിക്കുന്ന രോഗികളുടെ കാര്യത്തിലും പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു. അടിയന്തര മാനസികാരോഗ്യ പരിചരണം ആവശ്യമായ ചില രോഗികളെ താരതമ്യേന ഗുരുതരമല്ലാത്ത അവസ്ഥയിലുള്ള രോഗികളോടൊപ്പം ഒരേ മുറികളിൽ താമസിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നതായും പി.എൻ പറഞ്ഞു.

ഇത്തരം സാഹചര്യങ്ങൾ രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും അധിക സമ്മർദം സൃഷ്ടിക്കുന്നുവെന്നും പരിമിതമായ സൗകര്യങ്ങളുടെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുന്നതായും പ്രതിപക്ഷം വ്യക്തമാക്കി.

ആരോഗ്യ മേഖലയിൽ വർഷങ്ങളായി ആവശ്യമായ ആസൂത്രണവും അടിസ്ഥാനസൗകര്യ വികസനത്തിനുള്ള നിക്ഷേപവും ഉണ്ടായില്ലെന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് പി.എൻ ആരോപിച്ചു. സെന്റ് ലൂക്ക്സ് ആശുപത്രി (St Luke’s Hospital), കാരിൻ ഗ്രെച്ച് ആശുപത്രി (Karin Grech Hospital), ഗോസോ ജനറൽ ആശുപത്രി (Gozo General Hospital) എന്നിവയെ സംബന്ധിച്ച് സർക്കാർ മുമ്പ് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയിരുന്നെങ്കിൽ മെറ്റർ ദെയ് ആശുപത്രിയിലുണ്ടായിരിക്കുന്ന സമ്മർദം കുറയ്ക്കാൻ സാധിക്കുമായിരുന്നുവെന്നും പാർട്ടി അഭിപ്രായപ്പെട്ടു.

സാംക്രമിക രോഗ വാർഡുകളിലെയും മാനസികാരോഗ്യ വാർഡുകളിലെയും സ്ഥലക്കുറവ് അടിയന്തരമായി പരിഹരിക്കണമെന്നും രോഗികൾക്ക് അവരുടെ മാന്യതയും സുരക്ഷയും സംരക്ഷിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നും പി.എൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button