അന്തർദേശീയം

2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ‘കള്ളവോട്ട്’ ചെയ്തു; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

വാഷിങ്ടൺ ഡിസി : 2024-ൽ നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്യാജ വോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. മുകേഷ്‌കുമാർ സോമാഭായ് ചൗധരി എന്നയാളാണ് പിടിയിലായത്. കമല ഹാരിസും ഡൊണാൾഡ് ട്രംപും തമ്മിൽ കടുത്ത പോരാട്ടം നടന്ന മിനസോട്ട സംസ്ഥാനത്താണ് ഇയാൾ വോട്ട് ചെയ്തത്.

മിനസോട്ട നിയമപ്രകാരം യുഎസ് പൗരനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വോട്ടർ സർട്ടിഫിക്കറ്റിൽ 2024 നവംബർ 5-ന് ചൗധരി ഒപ്പുവെക്കുകയും വ്യാജ സത്യപ്രസ്താവന നടത്തി വോട്ട് രേഖപ്പെടുത്തുകയുമായിരുന്നുവെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. തിരഞ്ഞെടുപ്പിൽ തെറ്റായ വിവരങ്ങൾ നൽകൽ, വ്യാജ പൗരത്വ അവകാശവാദം ഉന്നയിക്കൽ എന്നീ കുറ്റങ്ങളാണ് ചൗധരിക്കെതിരെ ചുമത്തിയിട്ടുള്ളത്.

കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ, ഓരോ കുറ്റത്തിനും പരമാവധി അഞ്ച് വർഷം വരെ തടവുശിക്ഷ ഇയാൾക്ക് ലഭിച്ചേക്കാം. വ്യാജ വോട്ട് ചെയ്യുന്ന ആളുകളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും ക്രിമിനൽ നടപടികൾക്കും നാടുകടത്തലിനും ഇരയാക്കുമെന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ വ്യക്തമാക്കി.

വോട്ട് അവകാശം അമേരിക്കൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണെന്നും വോട്ട് ചെയ്യാനായി പൗരത്വം വ്യാജമായി അവകാശപ്പെടുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസിലെ (എച്ച്എസ്ഐ) സ്പെഷ്യൽ ഏജന്റ് ട്രെവിസ് പിക്കാർഡ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button