അന്തർദേശീയം

ട്രംപിന്റെ ഏകപക്ഷീയ വ്യാപാരനയം; സെപ്‌തംബർ എട്ടുമുതൽ റീറ്റലിയേറ്ററി താരിഫ് ചുമത്തുമെന്ന് കാനഡ

ഒട്ടാവ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏകപക്ഷീയ വ്യാപാരനയങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച്‌ സഖ്യകക്ഷിയായ കാനഡ രംഗത്തെത്തിയതോടെ വ്യാപരയുദ്ധം രൂക്ഷമായി. 2000 കോടി ഡോളർ വിലമതിക്കുന്ന കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം നികുതി ചുമത്തിയ യുഎസ്‌ നടപടിക്ക് തിരിച്ചടിയായി, യുഎസ് ഉൽപ്പന്നങ്ങൾക്കുമേൽ കനത്ത നികുതി ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. സെപ്‌തംബർ എട്ടുമുതൽ പ്രാബല്യത്തിൽവരും.

വ്യാപാരതർക്കം പരിഹരിക്കാൻ വാഷിങ്‌ടണിൽ നടന്ന അവസാനവട്ട ചർച്ചകളും അമേരിക്കയുടെ കടുംപിടുത്തത്തെ തുടർന്ന് പരാജയപ്പെട്ടു. ഇതിനു പിന്നാലെയാണ് കാനഡ ശക്തമായ നിലപാടുമായി രംഗത്തുവന്നത്.

അമേരിക്ക തങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച നികുതികൾ ഗണ്യമായി കുറയ്ക്കുകയാണെങ്കിൽ സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈൽ മേഖലകളിൽ കാനഡ ഏർപ്പെടുത്തിയിരുന്ന പ്രതികാര നികുതി ഒഴിവാക്കാൻ തയ്യാറായിരുന്നുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യുഎസ് മദ്യത്തിന്റെ വില്പന പുനഃസ്ഥാപിക്കാൻ പ്രവിശ്യകൾക്ക് നിർദ്ദേശം നൽകാനും കാനഡ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ, കാനഡയുടെ താല്പര്യങ്ങൾ പൂർണമായി ബലികൊടുത്തുകൊണ്ടുള്ള കടുത്ത ആവശ്യങ്ങളാണ് യുഎസ്‌ മുന്നോട്ടുവച്ചത്. അവർ അതിരുകടന്ന ആവശ്യങ്ങൾ ഉന്നയിക്കുകയും വളരെ കുറഞ്ഞ വാഗ്‌ദാനങ്ങൾ മാത്രം നൽകുകയും ചെയ്തുവെന്ന് കാർണി തുറന്നടിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button