അന്തർദേശീയംടെക്നോളജി

ഇരുണ്ട മേഖലകളിലെ ജലശേഖരം തേടി ചൈനയുടെ റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം ചാങ്‌ 7 വിക്ഷേപിച്ചു

ബീജിങ്‌ : ഇരുണ്ട മേഖലകളിലെ ജലശേഖരം തേടി ചൈനയുടെ റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം ചാങ്‌ 7 ഇന്ന് (തിങ്കളാഴ്‌ച) വിക്ഷേപിചു. കരുത്തൻ റോക്കറ്റായ ലോങ്‌മാർച്ച്‌ 5 വൈ 14, പുലർച്ചെ 5.30നാണ് പേടകവുമായി കുതിച്ചത്ത് . ഓർബിറ്റർ, ലാൻഡർ, റോവർ, ഹോപ്പർ എന്നിവയടങ്ങുന്ന പേടകത്തിന് 8200 കിലോ ഭാരമുണ്ട്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഷാക്കിൽറ്റൻ ഗർത്തത്തിന്‌ സമീപത്തെ സമതലമാണ് ലക്ഷ്യം. ഐഎസ്‌ആർഒ 2008ൽ വിക്ഷേപിച്ച ചാന്ദ്രയാൻ ഒന്നിലെ മൂൺ ഇംപാക്‌ട്‌ പ്രോബ്‌ ഇടിച്ചിറക്കിയത്‌ ഷാക്കിൽറ്റൻ ഗർത്തത്തിലായിരുന്നു. ചന്ദ്രനിൽ ജലസാന്നിധ്യം ആദ്യം സ്ഥിരീകരിച്ചതും മൂൺ ഇംപാക്‌ട്‌ പ്രോബ് ആണ്.

ചന്ദ്രനെ വലംവയ്‌ക്കുന്ന ചാങ് 7 ദ‍ൗത്യപേടകത്തിൽനിന്ന്‌ ഇ‍ൗ വർഷം അവസാനം ലാൻഡർ വേർപെടും. സോഫ്‌റ്റ്‌ലാൻഡ് ചെയ്യുന്ന ലാൻഡറിൽനിന്ന്‌ റോവറും ഹോപ്പറും പുറത്തിറങ്ങും.

ചന്ദ്രപ്രതലത്തിൽ സഞ്ചരിക്കാൻ കഴിയുന്ന റോബോട്ടിക് വാഹനമായ റോവറിൽ പാറകളും മണ്ണും ഉൾപ്പെടെ വിശകലനം ചെയ്‌ത്‌ വിവരങ്ങൾ അതിവേഗം കെമാറാൻ ഉപകരണങ്ങളുണ്ട്. ചന്ദ്രോപരിതലത്തിൽ ചെറിയ ദൂരത്തേക്ക് ചാടാനും പറന്നുനീങ്ങാനും സുരക്ഷിതമായി ഇറങ്ങാനും കഴിയുന്ന റോബോട്ടിക്‌ ഉപകരണമാണ്‌ ഹോപ്പർ. ഇത്‌ ഷാക്കിൽറ്റൻ ഗർത്തത്തിലിറങ്ങി തുരന്ന്‌ പര്യവേക്ഷണം നടത്തും.

റഷ്യ, ഇറ്റലി, ഇ‍ൗജിപ്‌ത്, തായ്‌ലൻഡ്, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളും ഹോങ്കോങ്‌ സർവകലാശാലയും ദ‍ൗത്യവുമായി സഹകരിക്കുന്നു. അടുത്തവർഷം ചാങ് 8 വിക്ഷേപിക്കുന്നതോടെ ചന്ദ്രനിൽ അന്താരാഷ്‌ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്ന പദ്ധതിക്ക് അന്തിമരൂപമാകും. 2030ൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യനെ ഇറക്കാനാണ് ചൈനയുടെ പദ്ധതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button