2025ൽ വൈദ്യുതി വിതരണത്തിന്റെ 33.5% സിസിലി-മാൾട്ട ഇന്റർകണക്ടർ വഴി : എനെമാൾട്ട

2025ൽ ആകെ വൈദ്യുതി വിതരണത്തിന്റെ 33.5 ശതമാനം സിസിലി-മാൾട്ട ഇന്റർകണക്ടർ വഴിയാണ് ലഭിച്ചതെന്ന് കണക്കുകൾ. 2024ൽ രേഖപ്പെടുത്തിയ 32.4 ശതമാനത്തേക്കാൾ നേരിയ വർധനയാണിതെന്ന് കണക്കുകൾ പുറത്തുവിട്ട് എനെമാൾട്ട (Enemalta plc).
എന്നാൽ ഇന്റർകണക്റ്റർ വഴി ഇറക്കുമതി ചെയ്ത വൈദ്യുതിയുടെ ചെറിയൊരു പങ്ക് മാത്രമാണ് പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ (Renewable energy) നിന്ന് ലഭിച്ചത്. 2024-ൽ ഇത് 8 ശതമാനമായിരുന്നത് 2025-ൽ 9.8 ശതമാനമായി ഉയർന്നു. ബാക്കി 80 ശതമാനത്തിലധികവും പ്രകൃതിവാതകം (68.4%), കരിനികരി/കോൾ (9.2%), ആണവോർജ്ജം (4.6%), പെട്രോളിയം ഉൽപ്പന്നങ്ങൾ (0.9%) തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
യൂറോപ്യൻ ഹോൾസെയിൽ വിപണിയിൽ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങുന്നതിനാൽ ലഭ്യമാകുന്ന ഊർജ്ജ സ്രോതസ്സുകളിൽ മാൾട്ടയ്ക്ക് പൂർണ്ണ നിയന്ത്രണമില്ലെന്ന് എനെമാൾട്ട വ്യക്തമാക്കി. മാൾട്ടയ്ക്ക് ഇന്റർകണക്റ്ററിനെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്നും, 2030-ഓടെ 25 ശതമാനം പുനരുപയോഗ ഊർജ്ജം എന്ന ലക്ഷ്യം കൈവരിക്കാൻ ആഭ്യന്തര പുനരുപയോഗ ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ക്ലൈമറ്റ് ആക്ഷൻ അതോറിറ്റി സി.ഇ.ഒ അബിഗയിൽ കുതാജാർ (Abigail Cutajar) അഭിപ്രായപ്പെട്ടു.
അതേസമയം, ഊർജ്ജ മിശ്രിതത്തിലുണ്ടായ മാറ്റം മാൾട്ടയുടെ കാർബൺ ഉദ്വമനം (CO₂ emissions) കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. 2024-ൽ ഒരു കിലോവാട്ട് അവറിന് 380 ഗ്രാമായിരുന്ന കാർബൺ ഉദ്വമനം 2025-ൽ 364 ഗ്രാമായി കുറഞ്ഞു.



