അന്തർദേശീയം

ഇറാൻ രഹസ്യ പദ്ധതി പരാജയപ്പെട്ടു; രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് നീക്കി മൊസാദ്

ജറുസലേം : ഇറാനിലെ ഇസ്‌ലാമിക് റിപ്പബ്ലിക് ഭരണകൂടത്തെ താഴെയിറക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ രഹസ്യപദ്ധതി പരാജയപ്പെട്ടതിനെത്തുടർന്ന്, ഇസ്രയേൽ ചാരസംഘടനയായ മൊസാദിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് നീക്കി. പുതുതായി നിയമിതനായ മൊസാദ് ഡയറക്ടർ റോമൻ ഗോഫ്‌മാനാണ് നടപടി സ്വീകരിച്ചത്. ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം സൃഷ്ടിച്ച് ഭരണമാറ്റം കൊണ്ടുവരാനുള്ള തന്ത്രങ്ങൾ മെനയുന്നതിൽ പ്രധാന പങ്കുവഹിച്ചവരാണ് ഈ ഉദ്യോഗസ്ഥരെന്ന് ഇസ്രയേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തു.

ഇറാനിലെ കുർദിഷ് വിഭാഗങ്ങളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ഉപയോഗിച്ച് രാജ്യത്തിനകത്ത് വലിയ തോതിലുള്ള കലാപം സംഘടിപ്പിക്കാനായിരുന്നു മൊസാദ് ലക്ഷ്യമിട്ടിരുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാഖ് അതിർത്തിക്കടുത്തുള്ള കുർദിഷ് മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രധാന നീക്കങ്ങൾ. പദ്ധതി പ്രകാരം, ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (IRGC) താവളങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തുകയും, ആ സാഹചര്യം മുതലെടുത്ത് കുർദിഷ് പോരാളികൾക്ക് ഇറാൻ മണ്ണിലേക്ക് കടന്നുകയറാൻ അവസരമൊരുക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യം.

വടക്കുപടിഞ്ഞാറൻ ഇറാനിൽ ആരംഭിക്കുന്ന ഈ മുന്നേറ്റത്തിൽ ആയിരക്കണക്കിന് കുർദിഷ് യുവാക്കൾ പങ്കുചേരുമെന്നും, അത് പിന്നീട് രാജ്യം മുഴുവൻ പടരുന്ന വലിയൊരു ജനകീയ പ്രക്ഷോഭമായി മാറുമെന്നും മൊസാദ് ഉദ്യോഗസ്ഥർ കണക്കുകൂട്ടി. നിലവിലെ ഭരണകൂടം തകർന്നാൽ മുൻ ഇറാൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിനെ പുതിയ ഭരണത്തലവനാക്കാനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഹംഗറിയിൽ നടന്ന ഒരു അക്കാദമിക് കോൺഫറൻസിനിടെ മുൻ മൊസാദ് തലവൻ ഡേവിഡ് ബാർണിയ അഹമ്മദി നെജാദുമായി കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്.

എന്നാൽ, പദ്ധതിയുടെ രഹസ്യവിവരങ്ങൾ ചോർന്നതും കുർദിഷ് ഗ്രൂപ്പുകൾക്കിടയിലുണ്ടായ വിയോജിപ്പും ഇസ്രയേലിന് തിരിച്ചടിയായി. കൂടാതെ, കുർദിഷ് മേഖലയിൽ ഇത്തരമൊരു നീക്കം നടക്കുന്നതിനെ തുർക്കി ശക്തമായി എതിർക്കുകയും ചെയ്തു. ഇറാൻ ഭരണകൂടം ഉടൻ തകരുമെന്ന ഇസ്രയേലിന്റെ വിലയിരുത്തലുകൾ അമിത പ്രതീക്ഷയാണെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. പദ്ധതിക്ക് ആവശ്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ മൊസാദിന്റെ നീക്കങ്ങൾ പാളിപ്പോകുകയായിരുന്നു.

രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടിയല്ല സ്വീകരിച്ചതെന്നും മറിച്ച് ഏജൻസിയിലെ പുനഃസംഘടനയുടെ ഭാഗമായി പരസ്പര സമ്മതത്തോടെയുള്ള മാറ്റമാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇവർ മൊസാദിൽ തന്നെ മറ്റ് പദവികളിൽ സേവനമനുഷ്ഠിക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, മൊസാദിന്റെ ചാരശൃംഖലയ്‌ക്കെതിരെ തങ്ങൾ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് ഇറാൻ അവകാശപ്പെട്ടു. കെർമാൻ പ്രവിശ്യയിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് 21 പേരെ ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം അറസ്റ്റ് ചെയ്തു. കൂടാതെ, ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച നാല് സായുധസംഘങ്ങളെയും ഇവർ പിടികൂടിയിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തുവിടാൻ ഇറാൻ തയ്യാറായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button