യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഡെൻമാർക്കിന്റെ ചരിത്രത്തിൽ നിർബന്ധിത സൈനിക സേവനം നടത്തുന്ന ആദ്യ രാജകുടുംബാംഗമായി ഇസബെല്ല രാജകുമാരി

കോപ്പൻഹേഗൻ : ഇസബെല്ല രാജകുമാരി (19) പതിനൊന്നു മാസത്തെ സൈനിക സേവനം ആരംഭിച്ചു. നിർബന്ധിത സൈനിക സേവനത്തിന് വിധേയയാകുന്ന ഡാനിഷ് രാജകുടുംബത്തിലെ ആദ്യ വനിതയാണ് ഇവർ. ഓഗസ്റ്റ് 3ന് ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്തു.

ഫ്രെഡറിക് പത്താമൻ രാജാവിന്റെയും മേരി രാജ്ഞിയുടെയും മൂത്ത മകളായ ഇസബെല്ല ഹൈസ്കൂൾ ബിരുദം നേടി ആഴ്ചകൾക്ക് ശേഷമാണ് ഗാർഡ് ഹുസ്സാർ റെജിമെന്റിലെത്തിയത്. ഇതേ ബാരക്കിലാണ് ജ്യേഷ്ഠൻ ക്രൗൺ പ്രിൻസ് ക്രിസ്റ്റ്യനും സൈനിക സേവനം പൂർത്തിയാക്കിയത്. ശമ്പളം വാങ്ങാതെ സേവനം അനുഷ്ഠിക്കാനാണ് രാജകുമാരിയുടെ തീരുമാനം. സേവനം ചെയ്യുന്നവർക്ക് 11 മാസത്തെ പ്രതിമാസ ശമ്പളത്തോടൊപ്പം നികുതി രഹിത പ്രതിദിന അലവൻസും ലഭിക്കാറുണ്ട്.

ഡെൻമാർക്ക് തങ്ങളുടെ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഇസബെല്ലയുടെ സൈനിക പ്രവേശനം. 2024ൽ ഡെൻമാർക്ക് സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തിയിരുന്നു. സേവന കാലയളവ് നാല് മാസത്തിൽ നിന്ന് 11 മാസമായി ഉയർത്തുകയും ചെയ്തു. ഈ ആഴ്ച 1,600 യുവാക്കളാണ് സൈനിക സേവനം ആരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button