അന്തർദേശീയം

കേത് സിയോട്ട് ജയിലിന് ചുറ്റും ‘മുതലക്കിടങ്ങ്’; ഇസ്രായേൽ മന്ത്രിയുടെ പദ്ധതിക്ക് കോടതി വിലക്ക്

ജറുസലേം : ഫലസ്തീൻ രാഷ്ട്രീയ തടവുകാരെ പാർപ്പിച്ചിരിക്കുന്ന തെക്കൻ ഇസ്രായേലിലെ കേത് സിയോട്ട് ജയിലിന് ചുറ്റും കിടങ്ങുകൾ നിർമ്മിച്ച് അതിൽ മുതലകളെ വിന്യസിക്കാനുള്ള ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വീറിന്റെ പദ്ധതിക്ക് കോടതിയുടെ താൽക്കാലിക വിലക്ക്. മൃഗാവകാശ സംഘടനയായ ‘ലെറ്റ് ദി ആനിമൽസ് ലിവ്’ സമർപ്പിച്ച അടിയന്തര ഹരജിയിലാണ് ജറുസലേം ഡിസ്ട്രിക്ട് കോടതി ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ജയിൽ വളപ്പിലേക്ക് നൈൽ മുതലകളെ മാറ്റാനുള്ള എല്ലാ നീക്കങ്ങളും താൽക്കാലികമായി നിർത്തിവെക്കാൻ ജഡ്ജി എബ്രഹാം റൂബിൻ ഉത്തരവിട്ടു. ഓഗസ്റ്റ് പകുതിയോടെ വിഷയത്തിൽ ഔദ്യോഗിക മറുപടി നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫലസ്തീൻ തടവുകാരെ മാനസികമായും ശാരീരികമായും തളർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന ഈ പദ്ധതിക്കായി ദേശീയ സുരക്ഷാ മന്ത്രാലയം ഏകദേശം 21 ദശലക്ഷം ഷെക്കൽ (57 കോടി ഇന്ത്യൻ രൂപയോളം) ആണ് വകയിരുത്തിയത്. ഇതിനായി കിടങ്ങുകൾ കുഴിക്കുന്ന പ്രാരംഭ ജോലികൾ ജയിൽ അധികൃതർ ആരംഭിക്കുകയും ചെയ്തിരുന്നു.

മുതലകളെ പ്രതിരോധ ആയുധമായി ഉപയോഗിക്കുന്നതിന് വേണ്ടി, ഇസ്രായേൽ പരിസ്ഥിതി സംരക്ഷണ മന്ത്രി ഇഡിറ്റ് സിൽമാൻ ഇവയെ “നിയന്ത്രിത വന്യമൃഗങ്ങൾ” എന്ന പ്രത്യേക വിഭാഗത്തിലേക്ക് പുനർവർഗ്ഗീകരണം ചെയ്ത് ഉത്തരവിറക്കിയിരുന്നു.

എന്നാൽ, സ്വന്തം മന്ത്രാലയത്തിലെ നിയമോപദേശകരുടെയും ഇസ്രായേൽ നേച്ചർ ആൻഡ് പാർക്സ് അതോറിറ്റിയുടെയും കടുത്ത എതിർപ്പുകൾ തള്ളിക്കളഞ്ഞായിരുന്നു സിൽമാന്റെ ഈ നീക്കം. മൃഗങ്ങളെ ആയുധമായോ ശിക്ഷാ ഉപകരണങ്ങളായോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹരജിക്കാർ കോടതിയിൽ വാദിച്ചു.

ഇസ്രായേൽ കസ്റ്റഡിയിലുള്ള ഒമ്പതിനായിരത്തിലധികം വരുന്ന ഫലസ്തീൻ തടവുകാർക്ക് മേൽ ബെൻ-ഗ്വിർ ചുമത്തുന്ന ക്രൂരമായ പീഡനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ‘മുതല പദ്ധതി’. പട്ടിണി, വൈദ്യസഹായം നിഷേധിക്കൽ, ശാരീരിക പീഡനം, ഏകാന്തതടവ് എന്നിവയാൽ നരകതുല്യമായ സാഹചര്യമാണ് ഇസ്രായേൽ ജയിലുകളിൽ നിലനിൽക്കുന്നത്.

യുദ്ധം ആരംഭിച്ചതിനു ശേഷം നൂറോളം ഫലസ്തീൻ തടവുകാർ പീഡനങ്ങളും പട്ടിണിയും മൂലം ഇസ്രായേൽ ജയിലുകളിൽ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, കോടതി വിധിക്കെതിരെ ബെൻ ഗ്വീർ രംഗത്തെത്തി. യുദ്ധസമയത്ത് നീതിന്യായ വ്യവസ്ഥ രാജ്യത്തിന്റെ പ്രതിരോധ നടപടികളെ അട്ടിമറിക്കുകയും തടവുകാർക്കൊപ്പം നിലകൊള്ളുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button