അന്തർദേശീയം

ഊർജ പങ്കാളിത്തം ശക്തമാക്കി തുർക്കിയയും ഇറാഖും

അങ്കാറ : ഇറാഖിലെ കിർകൂർ എണ്ണപ്പാടത്തിൽ ഓഹരി സ്വന്തമാക്കിയതോടെ, ഇറാഖിൽ നിന്ന് പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ തുർക്കിയയിലേക്ക് ലഭിച്ചേക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. അങ്കാറയിൽ ഇറാഖ് പ്രധാനമന്ത്രി അലി അൽ-സൈദിയുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഉർദുഗാൻ ഇക്കാര്യം അറിയിച്ചത്. പ്രത്യേക ഓഹരി കൈമാറ്റ കരാറിന്റെ ഭാഗമായി തുർക്കിയയുടെ സർക്കാർ ഉടമസ്ഥതയിലുള്ള തുർക്കിഷ് പെട്രോളിയം, ബി.പി എനർജി കമ്പനി ഓഫ് കിർകൂർ ലിമിറ്റഡിന്റെ 15 ശതമാനം ഓഹരികൾ സ്വന്തമാക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷ, വ്യാപാരം, ഗതാഗതം, ജലവിഭവ മാനേജ്മെന്റ് എന്നിവയും പുതിയ ഊർജക്കരാറും ചർച്ച ചെയ്യുന്നതിനാണ് അലി അൽ-സൈദി അങ്കാറയിലെത്തിയത്. ഇറാഖി എണ്ണ തുർക്കിയയുടെ മെഡിറ്ററേനിയൻ തീരമായ സിജാനിലേക്ക് എത്തിക്കുന്ന 1975 ലെ ഇറാഖ്-തുർക്കിയ ക്രൂഡ് ഓയിൽ കരാർ ജൂലൈ 27-ന് അവസാനിച്ചിരുന്നു. ഈ കരാർ പുതുക്കുന്നതിന് പകരം, ഇറാഖുമായി പുതിയൊരു ഊർജ സഹകരണ ചട്ടക്കൂടാണ് തുർക്കിയ ലക്ഷ്യമിടുന്നത്. ഇറാഖ് തങ്ങൾക്ക് പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ നൽകാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും, ഈ എണ്ണ ലഭിക്കുന്നത് തുർക്കിയയുടെ ഊർജ ആവശ്യങ്ങൾ പൂർണമായി നിറവേറ്റാൻ സഹായിക്കുമെന്നും ഉർദുഗാൻ വ്യക്തമാക്കി.

കരാറിന് പിന്നിൽ സുരക്ഷ, വികസന പദ്ധതികൾ എന്നീ രണ്ട് പ്രധാന ഘടകങ്ങൾ കൂടി ലക്ഷ്യം വെക്കുന്നുണ്ട്. ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധികളും മേഖലയിലെ സങ്കീർണ്ണതകളും തുർക്കിയയുടെയും ഇറാഖിന്റെയും തന്ത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ സുരക്ഷയും പ്രതിരോധവും, ഊർജം, ഗതാഗതം എന്നീ മൂന്ന് തലത്തിലുള്ള ബന്ധങ്ങൾ കൂടുതൽ പരസ്പരാശ്രിതത്വം വളർത്തുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

തുർക്കിയയും ഇറാഖും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഒരു ദശകത്തിനിടയിൽ പലതവണ മാറിമറിഞ്ഞിട്ടുണ്ടെങ്കിലും, എണ്ണയും ജലവിഭവങ്ങളും സംബന്ധിച്ച കാര്യങ്ങളിൽ ഇറാഖിന് തുർക്കിയയുമായുള്ള ബന്ധം എപ്പോഴും നിർണായകമാണ്. നിലവിലുള്ളതിൽവെച്ച് ഏറ്റവും സങ്കീർണ്ണമായ വിഷയം സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. തുർക്കിയയും അമേരിക്കയും യൂറോപ്യൻ യൂണിയനും ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിക്ക് (പി.കെ.കെ) എതിരെയുള്ള നടപടികളുടെ ഭാഗമായി, വടക്കേ ഇറാഖിൽ തുർക്കിയയുടെ സൈനിക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

2025 പകുതിയോടെ പി.കെ.കെ തങ്ങളുടെ ആയുധങ്ങൾ വെടിയുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും, വടക്കേ ഇറാഖിലെ പർവതനിരകളിൽ ഈ സംഘത്തിന്റെ സാന്നിധ്യം തുടരുന്നത് തുർക്കിയക്ക് ഇപ്പോഴും ദേശീയ സുരക്ഷാ ഭീഷണിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button