അന്തർദേശീയം

റഷ്യക്കെതിരെ ഉപരോധ ബില്‍ പാസാക്കി യുഎസ് സെനറ്റ്; ഇന്ത്യക്കും ചൈനക്കും 100% വരെ താരിഫ് ചുമത്താന്‍ വ്യവസ്ഥ

വാഷിങ്ടൺ ഡിസി : റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഇറാനെതിരെയുള്ള പിഴ നീട്ടുന്നതിനും വ്യവസ്ഥ ചെയ്യുന്ന ബില്‍ യുഎസ് സെനറ്റ് പാസാക്കി. റഷ്യന്‍ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ഇന്ത്യക്കും ചൈനക്കും മേല്‍ ഉയര്‍ന്ന താരിഫ് ചുമത്താന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അധികാരം നല്‍കുന്നതാണ് ഈ ബില്‍.

അടുത്തിടെ അന്തരിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ പേരില്‍ അറിയപ്പെടുന്ന ബില്ലിനെ ട്രംപും പിന്തുണച്ചിരുന്നു. 12നെതിരെ 86 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റില്‍ പാസായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും ഭൂരിപക്ഷം അംഗങ്ങളും ഒന്നിച്ചുനിന്നാണ് ബില്‍ പാസാക്കാന്‍ ആവശ്യമായ 60 വോട്ട് തികച്ചത്. യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കി ക്യാപിറ്റോള്‍ ഹില്ലില്‍ എത്തി സെനറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ബില്ലിന്മേലുള്ള വോട്ടെടുപ്പ്.

റഷ്യന്‍ ഉദ്യോഗസ്ഥര്‍, അതിസമ്പന്നര്‍, ധനകാര്യ സ്ഥാപനങ്ങള്‍, റഷ്യന്‍ എണ്ണ കയറ്റുമതിയുടെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്‌ലീറ്റുകള്‍’ എന്നിവയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. റഷ്യന്‍ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരായ രാജ്യങ്ങളില്‍ (പ്രത്യേകിച്ച് ഇന്ത്യ, ചൈന) നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ താരിഫ് ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് ബില്‍ അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ റഷ്യയില്‍ നിന്ന് 15 ശതമാനത്തില്‍ താഴെ മാത്രം പ്രകൃതിവാതകം ഇറക്കുമതി ചെയ്യുകയും, അത് ഘട്ടംഘട്ടമായി കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഈ ബില്ലില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

ട്രംപിന്റെ ആവശ്യപ്രകാരം ഇറാന്റെ ഊര്‍ജ്ജ, ആയുധ മേഖലകള്‍ക്കുള്ള സാമ്പത്തിക സഹായം തടയുന്നതിന് നിലവിലുള്ള ഉപരോധ അധികാരങ്ങളും ഇതില്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. റഷ്യയുടെ ഊര്‍ജ്ജ വരുമാനം തടയുന്നതിലൂടെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന യുക്രെയ്ന്‍ യുദ്ധത്തിന് ഫണ്ട് കണ്ടെത്താനുള്ള വ്‌ലാദിമിര്‍ പുടിന്റെ ശേഷി ദുര്‍ബലപ്പെടുത്തുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യമെന്ന് അനുകൂലിക്കുന്നവര്‍ വ്യക്തമാക്കി. അതേസമയം, അമേരിക്കയിലെ ചില ഡെമോക്രാറ്റിക് നേതാക്കള്‍ ബില്ലില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പ്രസിഡന്റിന് അമിതമായ താരിഫ് അധികാരം നല്‍കുന്നത് അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങളുടെ വില വര്‍ധിക്കാനും യൂറോപ്യന്‍ സഖ്യകക്ഷികളെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് പ്രതിനിധി സഭ വേനല്‍ക്കാല അവധിയിലായതിനാല്‍ സെപ്റ്റംബറിന് മുമ്പ് ബില്‍ സഭയുടെ പരിഗണനയ്ക്ക് വരാന്‍ സാധ്യതയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button