മാൾട്ടാ വാർത്തകൾ

മാൾട്ടയിലും ഗോസോയിലും വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മാൾട്ടയിലും ഗോസോയിലും വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (Met Office) അറിയിച്ചു. മധ്യ മെഡിറ്ററേനിയൻ മേഖലയിലെ അന്തരീക്ഷ തീവ്ര ന്യൂനമർദം തുടരുന്നതിനാലാണ് ഈ കാലാവസ്ഥാ സാഹചര്യമെന്ന് അധികൃതർ വ്യക്തമാക്കി.

തിങ്കളാഴ്ച പുലർച്ചെ മാൾട്ടീസ് ദ്വീപുകളുടെ വടക്കൻ മേഖലയ്ക്ക് സമീപത്തുകൂടി ഇടിമിന്നലോട് കൂടിയ മേഘങ്ങൾ കടന്നുപോയതായി മെറ്റ് ഓഫീസ് വക്താവ് പറഞ്ഞു. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ അന്തരീക്ഷത്തിന്റെ ഉപരിതലത്തിൽ ന്യൂനമർദം തുടരുമെന്നും, ഇത് ഹൈ-ലെവൽ തണ്ടർസ്റ്റോമിനും (high-level thunderstorms) മഴയ്ക്കും കാരണമാകുമെന്നും അവർ വ്യക്തമാക്കി.

എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. പെയ്യുന്ന മഴയുടെ ഭൂരിഭാഗവും ഭൂമിയിലെത്തുന്നതിന് മുമ്പ് തന്നെ താഴ്ന്ന അന്തരീക്ഷത്തിലെ വരണ്ട വായുവിൽ ബാഷ്പമായി മാറുമെന്നാണ് വിലയിരുത്തൽ. അതിനാൽ വെള്ളപ്പൊക്കത്തിന് സാധ്യതയില്ലെങ്കിലും ഇടിമിന്നലും ഇടിമുഴക്കവും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഉയർന്ന മേഘ പാളികളിൽ നിന്ന് മഴ പെയ്യുകയും എന്നാൽ താഴത്തെ വായുമണ്ഡലത്തിലെ വരണ്ട അന്തരീക്ഷം കാരണം അത് ഉപരിതലത്തിൽ എത്തുന്നതിന് മുൻപ് തന്നെ ആവിയായിപ്പോവുകയും ചെയ്യുന്നത് ഇത്തരം ഹൈ-ലെവൽ തണ്ടർസ്റ്റോം സവിശേഷതയാണ്.

അളക്കാവുന്ന രീതിയിൽ മഴ രേഖപ്പെടുത്തുകയാണെങ്കിൽ, 2022-ന് ശേഷം ജൂലൈ മാസത്തിൽ മാൾട്ടയിൽ ലഭിക്കുന്ന ആദ്യ മഴയായിരിക്കും ഇത്. 2022 ജൂലൈയിൽ വെറും 0.2 മില്ലീമീറ്റർ മഴ മാത്രമാണ് മെറ്റ് ഓഫീസ് രേഖപ്പെടുത്തിയത്.

അതേസമയം, മേഖലയിൽ താപനില മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൂട് 34°C ന് അടുത്ത് നിലനിൽക്കാനും, ആഴ്ചയിലുടനീളം അൾട്രാവയലറ്റ് (UV) സൂചിക 8-ൽ കുറയാതെ ഉയർന്ന നിലയിൽ തുടരാനും സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button