മാൾട്ടാ വാർത്തകൾ

വാൽലെറ്റയിലെ അശ്ലീല പ്രകടന വിവാദം : ക്ലിപ്പുകൾ വ്യാജ ചിത്രീകരണമെന്ന് മന്ത്രി; വാദം തള്ളി ടാ’ ജീസു ദേവാലയം

വാൽലെറ്റയിൽ അശ്ലീല പ്രകടനം നടന്നുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളും വീഡിയോകളും ഒരു വർഷത്തിലേറെ പഴക്കമുള്ളതാണെന്നും, അവ ഇപ്പോഴത്തെ സംഭവങ്ങളാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആഭ്യന്തരകാര്യ മന്ത്രി ഗ്ലെൻ ബെഡിംഗ്ഫീൽഡ്.

തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് പൊതുജനങ്ങളോട് സത്യസന്ധത പുലർത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും ജനങ്ങളിൽ നിന്നും അത് തന്നെ പ്രതീക്ഷിക്കുന്നുവെന്നും ബെഡിംഗ്ഫീൽഡ് വ്യക്തമാക്കിയത്.

“ഈ ദൃശ്യങ്ങൾക്ക് ഒരു വർഷത്തിലേറെ പഴക്കമുണ്ട്, മാത്രമല്ല അന്നത്തെ ആ പ്രവർത്തനം ഉടൻ തന്നെ തടയുകയും ചെയ്തിരുന്നു. ഇതിന് വിപരീതമായൊരു ചിത്രം നിർമ്മിച്ചെടുക്കുന്നത് അന്യായമാണ്,” മന്ത്രി പറഞ്ഞു.

വാലെറ്റയിലെ ‘ട്രിക് താൽ-ക്നിസ്ജ ത ഗീസു’ സ്ട്രീറ്റിൽ അശ്ലീല പ്രകടനം നടന്നതായി തോന്നിപ്പിക്കുന്ന തരത്തിൽ ഞായറാഴ്ച ഓൺലൈനിൽ പ്രചരിച്ച ദൃശ്യങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ, ഇത്തരം സംഭവങ്ങൾ പഴയതാണെന്ന വാദം തള്ളിക്കൊണ്ട് ത ടാ ഗീസു (Ta’ Ġieżu) ചർച്ച് അധികാരികൾ തിങ്കളാഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. സ്ത്രീകളുടെ അശ്ലീല പ്രകടനങ്ങൾ “ഇതുവരെ നിന്നിട്ടില്ല” എന്ന് ചർച്ച് വ്യക്തമാക്കി.

“അരക്കവിഞ്ഞ വസ്ത്ര ധാരണത്തോടെ എത്തുന്ന സ്ത്രീകൾ, തൊട്ടടുത്ത ദിവസം രാവിലെ വിശ്വാസികൾ പള്ളിയിലേക്ക് കയറുമ്പോൾ കൈകൊണ്ട് തൊടുന്ന അതേ ഇരുമ്പു അഴികളിൽ ചാരി നിൽക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. മാതാപിതാക്കൾക്കൊപ്പം കുട്ടികൾ കടന്നുപോകുന്ന വഴിയാണിതെന്നതും ഓർക്കണം,” ചർച്ച് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇത്തരം സ്ഥാപനങ്ങൾ തങ്ങൾ നിരീക്ഷിക്കാറില്ലെന്നും എന്നാൽ നാട്ടുകാർ നൽകുന്ന വിവരങ്ങളുടെയും വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് ഇത് വ്യക്തമാക്കുന്നതെന്നും സഭ കൂട്ടിച്ചേർത്തു. “സ്ത്രീകൾ വസ്ത്രമഴിക്കുന്നത് നോക്കി തങ്ങൾ പുറത്തുനിൽക്കാറില്ല” എന്നും സഭ വ്യക്തമാക്കി.

ചർച്ചിന്റെ വാദപ്രകാരം 2024, 2025 വർഷങ്ങളിലെയും ഈ വർഷത്തെയും ദൃശ്യങ്ങൾ കൈവശമുണ്ട്. കഴിഞ്ഞ മേയ് മാസത്തിലും സമാനമായ സംഭവം നടന്നിരുന്നെന്നും തൊട്ടടുത്ത ദിവസങ്ങളിലും ഇത് ആവർത്തിച്ചതായി പ്രദേശവാസികൾ വിവരമറിയിച്ചിട്ടുണ്ടെന്നും സഭ പറഞ്ഞു.

വഴിയടച്ചുള്ള പരിപാടികളും അമിത ശബ്ദകോലാഹലങ്ങളും ഉയർത്തുന്ന ബുദ്ധിമുട്ടുകൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്ന് ഫ്രാൻസിസ്കൻ സന്യാസികളും വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച പോലും പൊലീസിന്റെ ഇടപെടൽ ആവശ്യമായി വന്നുവെന്നും ഉദ്യോഗസ്ഥരുടെ സേവനത്തിന് നന്ദി അറിയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

നിലവിലുള്ള സ്ഥാപനം കാരണം തന്നെ ഈ തെരുവ് വലിയ ബുദ്ധിമുട്ടിലാണ് അനുഭവിക്കുന്നത്. അതിനാൽ പള്ളിക്ക് സമീപം മറ്റൊരു പുതിയ സ്ഥാപനം കൂടി തുറക്കുന്നത് ത ടാ ഗീസു പള്ളിയുടെ പാരമ്പര്യത്തെയും ദൗത്യത്തെയും ഇല്ലാതാക്കുമെന്ന കാര്യം ചൂണ്ടിക്കാണിക്കാനാണ് വിഷയത്തിൽ ഇടപെട്ടതെന്ന് സഭ പറഞ്ഞു.

“ഈ കാര്യങ്ങളെല്ലാം തുറന്നുപറയുന്നതിന്റെ ലക്ഷ്യം, പള്ളിക്ക് സമീപം മറ്റൊരു സ്ഥാപനം കൂടെ താങ്ങാൻ ഈ തെരുവിന് കഴിയില്ല എന്ന് വ്യക്തമാക്കാനാണ്. അങ്ങനെ സംഭവിച്ചാൽ ത ടാ ഗീസു പ്രതിനിധീകരിക്കുന്നതെല്ലാം നമുക്ക് നഷ്ടപ്പെടും,” പ്രസ്താവനയിൽ പറയുന്നു. കൂടാതെ നിലവിലുള്ള സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളില്ലും ശ്രദ്ധ വേണമെന്ന് സഭ ആവശ്യപ്പെട്ടു.

ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും തങ്ങൾ ഒരിക്കലും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടൊപ്പം നിലയുറപ്പിച്ചിട്ടില്ലെന്നും ഫ്രാൻസിസ്കൻ സഭ അഭ്യർത്ഥിച്ചു.

തങ്ങളുടെ “വിശ്വാസ്യതയും സത്യസന്ധതയും” ചോദ്യം ചെയ്യപ്പെട്ടതിനാലാണ് പ്രതികരിക്കാൻ നിർബന്ധിതരായതെന്നും, സംശയമുള്ളവർക്ക് പ്രദേശവാസികളോട് നേരിട്ട് സംസാരിക്കാമെന്നും ചർച്ച് പ്രസ്താവനയിൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button