ചുട്ടുപൊള്ളി യൂറോപ്പ്; ഫ്രാൻസിൽ 1000ലധികം മരണം

പാരീസ് : കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ചരിത്രത്തിലെ ഏറ്റവും കഠിനമായ ചൂടിലൂടെയാണ് യൂറോപ്യൻ രാജ്യങ്ങൾ കടന്നുപോകുന്നത്. ഫ്രാൻസിൽ മാത്രം കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ആയിരത്തിലധികം പേർ ഉഷ്ണതരംഗം മൂലം മരിച്ചുവെന്ന് ദേശീയ പൊതുജനാരോഗ്യ ഏജൻസിയായ സാന്‍റേ പബ്ലിക് ഫ്രാൻസ് അറിയിച്ചു.
ഏപ്രിൽ, മെയ് മാസങ്ങളിൽ ദിവസേന ശരാശരി 900 മുതൽ 1,000 വരെ മരണങ്ങൾ രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത്, ജൂൺ 24 ന് 1,200 ൽ അധികം മരണങ്ങൾ രജിസ്റ്റർ ചെയ്തതായും, തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ 1,400 ൽ അധികം മരണങ്ങൾ ഉണ്ടായതായും പബ്ലിക് ഹെൽത്ത് ഫ്രാൻസിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. മരിച്ചവരിൽ 85 ശതമാനം പേരും 65 വയസിനും അതിനുമുകളിലും പ്രായമുള്ളവരാണെന്നും, പ്രത്യേകിച്ച് പാരീസ് മേഖലയിലെ സ്വകാര്യ വീടുകളിലാണ് ഏറ്റവും കൂടുതൽ വർധനവ് കാണപ്പെടുന്നതെന്നും ഏജൻസി പറഞ്ഞു.
ഫ്രാൻസിലെ പിസോ നഗരത്തിൽ 44.3 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ദേശീയ തലത്തിൽ ശരാശരി താപനില 30 ഡിഗ്രി സെൽഷ്യസ് കടന്നതോടെ ഫ്രാൻസിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ ദിവസമായി ഇത് മാറി.
ഇവിടുത്തെ രാത്രി താപനില ശരാശരി 22°C യിൽ താഴെയായില്ല. ചൂട് കാരണം ട്രാക്കുകൾ വികസിക്കുന്നതിനാൽ ട്രെയിനുകൾ നിർത്തേണ്ടിവന്നു, പവർ ഗ്രിഡ് തകരാറിലായതിനാൽ 50,000 വീടുകളിൽ വൈദ്യുതി മുടങ്ങി. ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ മദ്യം കഴിക്കുന്നത് സർക്കാർ നിരോധിച്ചു. കൊടും ചൂടിനെ തുടർന്ന് 1,350-ലധികം സ്കൂളുകൾ അടച്ചുപൂട്ടി.
അതേസമയം, ജർമനി, സ്പെയിൻ, യുകെ, ഡെൻമാർക്ക്, ഇറ്റലി, സ്വിറ്റ്സർലന്‍റ് എന്നിവയുൾപ്പെടെ 16 രാജ്യങ്ങളിൽ താപനില പതിറ്റാണ്ടുകൾ പഴക്കമുള്ള റെക്കോർഡുകൾ തകർത്തു. ഞായറാഴ്ച യൂറോപ്പിലുടനീളം 35 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. 191 ദശലക്ഷം ആളുകൾ കൊടുംചൂടിൽ വെന്തുരുകി. ചൂട് കാരണം റോഡുകൾ ഉരുകുകയും സ്കൂളുകൾ അടയ്ക്കുകയും ചെയ്തു. വ്യാപകമായ കാട്ടുതീക്കും ചൂട് കാരണമായി. ആഗോള ശരാശരിയേക്കാൾ വേഗത്തിൽ യൂറോപ്പിലെ താപനില ഉയരുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത്തരം ഉഷ്ണതരംഗങ്ങൾ ഭാവിയിൽ കൂടുതൽ തവണ ഉണ്ടാകുമെന്നും കൂടുതൽ കാലം നിലനിൽക്കുമെന്നുമാണ് സൂചന.
യുകെയിൽ സ്കൂളുകൾ അടച്ചുപൂട്ടി
യുകെയുടെ ചരിത്രത്തിൽ ആദ്യമായി ആദ്യമായി, തുടർച്ചയായി മൂന്ന് ദിവസം ‘റെഡ് വാണിംഗ്’ നൽകേണ്ടി വന്നു. ജൂണിലെ 50 വർഷം പഴക്കമുള്ള റെക്കോർഡ് (35.6°C) ഈ ആഴ്ച തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ മറികടന്നു. ചൂട് കാരണം വൈദ്യുതി ആവശ്യകത 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഹീറ്റ് സ്ട്രോക്ക്, നിർജലീകരണം, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർധനവ് ഉണ്ടായിട്ടുണ്ട്. ഇത് പല പ്രധാന ആശുപത്രികളെയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നിർബന്ധിതരാക്കി.
ബ്രിട്ടനിലുടനീളമുള്ള 1,000-ത്തിലധികം സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വന്നു. കോൺക്രീറ്റും പഴയ വസ്തുക്കളും കൊണ്ട് നിർമിച്ച ക്ലാസ് മുറി കെട്ടിടങ്ങൾ ചൂടായതിനാൽ കുട്ടികൾക്കും അധ്യാപകർക്കും അകത്ത് തന്നെ തുടരാൻ പ്രയാസമായി. ചൂട് കാരണം ഇരുമ്പ് റെയിൽവേ ട്രാക്കുകൾ വികസിക്കുകയും, വളയാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തൽഫലമായി, ട്രെയിനുകളിൽ കർശനമായ വേഗത പരിധി (60 mph) ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തോട്ടം നനയ്ക്കുന്നതിനും കാറുകൾ കഴുകുന്നതിനും ഹോസ്പൈപ്പുകൾ ഉപയോഗിക്കുന്നത് പല പ്രദേശങ്ങളിലും നിരോധിച്ചിട്ടുണ്ട്.
സ്പെയിനിൽ റെക്കോഡ് ചൂട്
യൂറോപ്പിലെ ഏറ്റവും കഠിനമായ ചൂടാണ് ഇപ്പോൾ സ്‌പെയിനിൽ അനുഭവപ്പെടുന്നത്. ആൻഡുജാർ നഗരത്തിലെ താപനില 45.1°C ആയി. അതേസമയം, വടക്കൻ നഗരമായ ബിൽബാവോയിൽ 42.7°C രേഖപ്പെടുത്തി, ജൂണിലെ എക്കാലത്തെയും റെക്കോർഡ് ഭേദിച്ചു. കഴിഞ്ഞ നാല് ദിവസമായി കൊടും ചൂടിൽ രാജ്യത്ത് 200-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
കടുത്ത വരൾച്ചയും കൊടും ചൂടും സ്പെയിനിലുടനീളം വൻ കാട്ടുതീ പടർന്നുപിടിച്ചു. തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ രാപ്പകൽ പണിയെടുക്കുന്നു, നിരവധി പട്ടണങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടിവന്നു.
വെന്തുരുകി ഡെൻമാര്‍ക്കും ജര്‍മനിയും
ജർമനിയിലെ ഡ്രാവിറ്റ്‌സ് നഗരത്തിൽ ശനിയാഴ്ച 41.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കനത്ത ചൂടിൽ ഹൈവേകളിലെ റോഡുകൾ ഉരുകുകയും വിള്ളലുകൾ ഉണ്ടാവുകയും ചെയ്തു. സുരക്ഷ മുൻനിര്‍ത്തി കായിക പരിപാടികൾ, സംഗീതോത്സവങ്ങൾ, കച്ചേരികൾ എന്നിവ എന്നിവ റദ്ദാക്കി.
സ്വതവെ തണുത്ത കാലാവസ്ഥയുള്ള ഡെൻമാര്‍ക്കിൽ ശനിയാഴ്ച താപനില 37 ഡിഗ്രി സെൽഷ്യസായി ഉയർന്നു. ഡെൻമാർക്കിലെ റോഡുകൾ ഉരുകാൻ തുടങ്ങിയിരിക്കുന്നു. അതിനാൽ, റോഡ് പ്രതലങ്ങൾ വിണ്ടുകീറുന്നത് തടയാൻ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ചൂടിൽ നിന്ന് രക്ഷപ്പെടാൻ, ലക്ഷക്കണക്കിന് തദ്ദേശീയരും വിനോദസഞ്ചാരികളും കോപ്പൻഹേഗനിലെ പ്രശസ്തമായ അമാഗർ ബീച്ചിലേക്കും രാജ്യത്തുടനീളമുള്ള മറ്റ് തീരപ്രദേശങ്ങളിലേക്കും ഒഴുകിയെത്തി.
ഇറ്റലിയിൽ 18 നഗരങ്ങളിൽ റെഡ് അലര്‍ട്ട്
ഇറ്റലിയിൽ ചൂട് തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്. റോം, മിലാൻ, വെനീസ്, ഫ്ലോറൻസ്, ടൂറിൻ എന്നിവയുൾപ്പെടെ 18 നഗരങ്ങൾക്കാണ് സർക്കാർ ഏറ്റവും ഉയർന്ന റെഡ് ഹീറ്റ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കൊടും ചൂട് കാരണം രാജ്യത്തെ ഏറ്റവും നീളം കൂടിയ പോ നദിയിലെ ജലനിരപ്പ് അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുമൂലം ഉപ്പുരസമുള്ള കടൽ വെള്ളം നദിയിലേക്ക് കയറിത്തുടങ്ങിയതിനാൽ കൃഷിക്കും കുടിവെള്ളത്തിനും ഭീഷണിയായി. പല പ്രദേശങ്ങളിലെയും ആളുകൾ ഉച്ചകഴിഞ്ഞ് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിക്കുകയും ജോലി സമയങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.



