അന്തർദേശീയം

വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ; വ്യോമാക്രമണത്തിൽ തെക്കൻ ലബനാനിൽ അഞ്ച് മരണം

ബൈറൂത് : ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം തെക്കൻ ലബനാനിൽ ഇസ്രായേലിന്റെ കടുത്ത വ്യോമാക്രമണം. ശനിയാഴ്ച പുലർച്ചെയുണ്ടായ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും കുറഞ്ഞത് അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടതായി ലബനാനിലെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തെക്കൻ ലബനാനിലെ നബാതിയ മേഖല കേന്ദ്രീകരിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. വെള്ളിയാഴ്ച രാത്രി വൈകിയും ശനിയാഴ്ച പുലർച്ചെയുമായി ഇസ്രായേൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും മേഖലയിൽ തുടർച്ചയായി ബോംബാക്രമണം നടത്തി. ആക്രമണത്തിൽ നിരവധി റസിഡൻഷ്യൽ കെട്ടിടങ്ങളും വീടുകളും തകർന്നതായും പുലർച്ചെയോടെ നബാതിയയുടെ അതിർത്തി പ്രദേശങ്ങളിൽ ഇസ്രായേൽ പീരങ്കി ആക്രമണം നടത്തിയതായും ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ ഉദ്യോഗസ്ഥൻ നൽകിയ വിവര പ്രകാരം ലബനാനിൽ ഇരുവിഭാഗവും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് ഇസ്രായേലും ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുല്ലയും തമ്മിൽ വെടിനിർത്തലിന് ധാരണയായത്. ഒരു മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥനും രണ്ട് ഹിസ്ബുല്ല പ്രതിനിധികളും വെടിനിർത്തൽ കരാർ ഒപ്പിട്ട കാര്യം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ സമാധാന കരാർ നിലവിൽ വന്ന് മണിക്കൂറുകൾ തികയും മുമ്പേയാണ് ഇസ്രായേൽ വീണ്ടും ലബനാനിൽ ആക്രമണം അഴിച്ചുവിട്ടത്.

ലബനാനിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് യു.എസ്, ഇറാൻ പ്രതിനിധികൾ സ്വിറ്റ്സർലൻഡിലേക്ക് തിരിച്ചത്. ഇനിമേൽ ആക്രമണം നടത്തരുതെന്ന കർശന നിർദേശം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേലിന് നൽകിയിരുന്നു. വെടിനിർത്തൽ ലംഘിക്കപ്പെട്ടാൽ അത് സമാധാന ചർച്ചകളെ ബാധിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്.

യു.എസും ഇറാനും തമ്മിലുണ്ടാക്കിയ 14 ഇന ധാരണാപത്ര പ്രകാരം ലബനാൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും ഉടനടി സൈനിക നടപടികൾ പൂർണമായും അവസാനിപ്പിക്കേണ്ടതുണ്ട്. എന്നാൽ ഇസ്രായേൽ ആക്രമണം തുടർന്ന പശ്ചാത്തലത്തിൽ, സ്വിറ്റ്സർലൻഡിൽ ഇന്നലെ നടക്കേണ്ടിയിരുന്ന നിർണായകമായ യു.എസ്-ഇറാൻ ചർച്ച മാറ്റിവെച്ചിരുന്നു. തുടർന്ന് വെടിനിർത്തലിന് പിന്നാലെ ഇരു രാജ്യത്തെയും പ്രതിനിധികൾ ഇന്ന് സ്വിറ്റ്സർലൻഡിലേക്ക് തിരിച്ചതിലെ പുരോഗതിയും ഇപ്പോൾ ചോദ്യചിഹ്നമായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button