അന്തർദേശീയം

എയർഫോഴ്സ് വൺ വിരമിച്ചു; ഇനി ട്രംപിന്റെ യാത്രാ ഖത്തർ സമ്മാനിച്ച പുതിയ വിമാനത്തിൽ

വാഷിങ്ടൺ ഡിസി : യു.എസ്. പ്രസിഡന്റുമാരെ കഴിഞ്ഞ 35 വർഷമായി ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചിരുന്ന, എയർഫോഴ്‌സ് വൺ ശ്രേണിയിലെ ‘ബോയിങ് 747-200 ബി’ വിമാനം അതിന്റെ അവസാനയാത്ര പൂർത്തിയാക്കി. ജി-7 ഉച്ചകോടിയിൽ പങ്കെടുത്തശേഷം വ്യാഴാഴ്ച ഫ്രാൻസിൽനിന്നുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മടക്കയാത്രയോടെയാണ് ‘സാം 2900’ എന്നു പേരുള്ള ഈ വിമാനം അരങ്ങൊഴിഞ്ഞത്. ജോയിന്റ് ബേസ് ആൻഡ്രൂസിൽ നിൽക്കുന്ന വിമാനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച വിവരം അറിയിച്ചത്. ബുഷിന്റെ ഭരണകാലം മുതൽ യു.എസ്. പ്രസിഡന്റുമാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ച വിമാനമാണ് വിടപറയുന്നത്. ഇനി ട്രംപിന്റെ യാത്രയ്ക്ക് ഖത്തർ സമ്മാനിച്ച പുതിയ വിമാനം കൂട്ടാകും. ജോർജ് ഡബ്ല്യു. ബുഷിന്റെ ഭരണകാലം മുതൽ യു.എസ്. പ്രസിഡന്റുമാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ച വിമാനമാണ് വിടപറയുന്നത്.

ഖത്തർ സമ്മാനമായി നൽകിയ അത്യാധുനിക ബോയിങ് 747 വിമാനം പ്രസിഡന്റിന്റെ യാത്രയ്ക്ക് നുയോജ്യമായ വിധത്തിൽ പരിഷ്കരിച്ച് പരീക്ഷണപ്പറക്കൽ പൂർത്തിയാക്കിയതായി കഴിഞ്ഞമാസം വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. യു.എസിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അടുത്തമാസം സൗത്ത് ഡക്കോട്ടയിലെ മൗണ്ട് റഷ്മോറിലേക്കുള്ള ട്രംപിന്റെ യാത്ര പുതിയ വിമാനത്തിന്റെ ഉദ്ഘാടനയാത്രയാകുമെന്ന് എൻ.ബി.സി. ന്യൂസ് റിപ്പോർട്ടുചെയ്തു. ‘വി.സി.-25 ബി’ എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. 40 കോടി യു.എസ്. ഡോളറാണ് (ഏകദേശം 3773 കോടി രൂപ) മോടിപിടിപ്പിക്കലിനുവന്ന ചെലവ്.

560 കോടി ഡോളർ (ഏകദേശം 52,826 കോടി രൂപ) ചെലവിൽ യു.എസ്. വ്യോമസേന ഓർഡർ ചെയ്ത മറ്റു രണ്ട് ബോയിങ് 747 വിമാനങ്ങൾ എത്തുന്നതുവരെയാകും ട്രംപ് ഈ വിമാനം ഉപയോഗിക്കുക. എയർഫോഴ്‌സ് വൺ എന്നത് യു.എസ്. പ്രസിഡന്റുമാർ സഞ്ചരിക്കുന്ന ഏതൊരു വിമാനത്തിന്റേയും പേരാണ്. അതിനാൽ ഒന്നിലധികം വിമാനങ്ങൾക്ക് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമാകാമെന്ന് യു.എസ്. ഉദ്യോഗസ്ഥർ പറഞ്ഞു.

പറക്കും വൈറ്റ് ഹൗസ് എന്നാണ് ഈ വിമാനത്തെ ട്രംപ് വിശേഷിപ്പിച്ചത്. ലോകത്തെ ഏറ്റവും മികച്ച ആഡംബര വിമാനമാണ് തന്റേതെന്നും ഖത്തർ അത് സമ്മാനിച്ചത് നന്നായെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ വിമാനത്തിന്റെ നിർമാണത്തേയും അതിലെ സാങ്കേതികതയേയും ട്രംപ് പുകഴ്ത്തി. വിമാനത്തെ ഒരു ഫ്‌ളൈയിങ് വൈറ്റ് ഹൗസ് ആക്കി മാറ്റിയെന്നും ഇതുവരെ ആരും കാണാത്ത ആഡംബരമാണ് വിമാനത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ‘അത് കണ്ടാൽ നിങ്ങൾ വിശ്വസിക്കില്ല, അത്രയും ആഡംബരമാണ് വിമാനം. അതിൽ ഉപയോഗിച്ച തടിയുടേയും മറ്റ് മെറ്റീരിയലുകളുടേയും എഞ്ചിന്റേയും ഗുണമേന്മയാണത്. ഖത്തറിനോട് താൻ നന്ദി പറയുന്നു, ട്രംപ് പറഞ്ഞു.

വാഷിങ്ടണിലെത്തിയ ഏതാനും മാധ്യമപ്രവർത്തകർക്ക് വിമാനത്തിന്റെ ഉൾവശം കയറിക്കാണാനുള്ള അവസരവും ലഭിച്ചിരുന്നു. ലെതർ സീറ്റുകളും മൃദുലമായ കാർപറ്റുകളും തടി കൊണ്ടുള്ള പാനലിങ്ങുമാണ് വിമാനത്തിനുള്ളത്. ടാൻ-ബ്രൗൺ-സ്വർണ നിറത്തിലാണ് ചുമരുകൾ ഉള്ളത്. വാഷിങ്ടണിലെ പ്രസിദ്ധമായ റിഫ്‌ളക്ടിങ് പൂളിൽ നീന്തുന്ന താറാവിന്റെ ചിത്രവും വിമാനത്തിനുള്ളിൽ ഫ്രെയിം ചെയ്ത് പതിപ്പിച്ചിട്ടുണ്ട്. പഴയവിമാനത്തിന്റെ പുറംഭാഗത്തിന് നീലയും വെള്ളയും ചേർന്ന നിറമായിരുന്നു. എന്നാൽ, പുതിയ വിമാനത്തിന്റെ അടിവശത്തുമാത്രമാണ് നീലനിറം. വെളുത്ത മുകൾഭാഗത്ത് ചുവന്ന വരകളാണുള്ളത്.

വിമാനത്തിന്റെ വലിപ്പത്തെയും എഞ്ചിനുകളെയും ട്രംപ് ആവർത്തിച്ച് പ്രശംസിച്ചു. ‘ഇത് മറ്റേതൊരു എയർഫോഴ്‌സ് വണ്ണിനേക്കാളും കൂടുതൽ ദൂരം വേഗത്തിൽ പറക്കും. പുതിയ വിമാനം ജൂലൈ നാലിന് നടക്കുന്ന 250-ാമത് യുഎസ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഫ്‌ളൈഓവറിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button