സോഷ്യൽ മീഡിയ സിഗരറ്റിനേക്കാൾ അപകടകരം : ഡാനിഷ് പ്രധാനമന്ത്രി

കോപ്പൺഹേഗൻ : കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ പുകവലിയുമായി താരതമ്യം ചെയ്തുകൊണ്ട് നടത്തിയ പരാമർശത്തിൽ പുലിവാല് പിടിച്ച് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സൺ. കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് അവർ പുകവലിക്കുന്നതാണ് എന്നാണ് തന്റെ അഭിപ്രായം എന്നായിരുന്നു മെറ്റെയുടെ വിവാദപരാമർശം. ഇത് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
ഈ ആഴ്ച ആദ്യം നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും കുട്ടികളുടെ സുരക്ഷയെയും കുറിച്ചുള്ള ഒരു കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു ഡാനിഷ് പ്രധാനമന്ത്രിയുടെ പരാമർശം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുന്ന മാനസികാരോഗ്യ ഭീഷണികൾ എത്രത്തോളം ഗുരുതരമാണെന്നും അവ യുവാക്കൾക്കുണ്ടാക്കുന്ന ദോഷത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിൽ സമൂഹം പരാജയപ്പെട്ടുവെന്നും അവർ പറഞ്ഞു.
യുവാക്കളുടെ സംരക്ഷണത്തിനായി ഡെന്മാർക്കിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള സർക്കാർ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഈ അഭിപ്രായപ്രകടനം നടത്തിയത്. മെറ്റെ സംസാരിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. സാമൂഹികമാധ്യമങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും പലരും ഇപ്പോഴും അതിന്റെ പ്രത്യാഘാതങ്ങളെ കുറച്ചുകാണുന്നുണ്ടെന്നും മെറ്റെ അഭിപ്രായപ്പെട്ടു.
ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ ജീവിതത്തെ ദോഷകരമായി സ്വാധീനിക്കുന്നത് തടയാൻ കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണ് എന്നാണ് പ്രധാനമന്ത്രി ഈ ഉറച്ച നിലപാടിലൂടെ വാദിച്ചത്. ‘എനിക്ക് ഒരു ചെറിയ കുട്ടികളുണ്ടായിരുന്നെങ്കിൽ, അവർ തനിച്ച് സോഷ്യൽ മീഡിയയുടെ ലോകത്തായിരിക്കുന്നതിനേക്കാൾ, അവർ പുകവലിക്കുന്നതാകും ഞാൻ ഇഷ്ടപ്പെടുക.’ മെറ്റെ പറഞ്ഞു. ‘പക്ഷേ ഞാൻ പ്രധാനമന്ത്രിയാണ്, അതുകൊണ്ടുതന്നെ ഞാൻ അത് പറയില്ല.’ അവർ ഉടൻ കൂട്ടിച്ചേർത്തു.
‘നമുക്ക് എന്തോ കുഴപ്പമുണ്ട്… നമ്മൾ ഇപ്പോഴും പഴയ ഭീഷണികളെയാണ് നോക്കുന്നത്, എന്നാൽ പുതിയൊരെണ്ണം ഇവിടെയുണ്ട്, അത് കൂടുതൽ വ്യക്തമായി നമുക്ക് മുന്നിലുണ്ട്.’ അവർ പറഞ്ഞു. മുതിർന്നവർക്ക് പലപ്പോഴും മനസ്സിലാക്കാൻ കഴിയാത്ത വിധത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കുട്ടികളുടെ ജീവിതത്തെ രൂപപ്പെടുത്തുകയാണെന്നും ഡാനിഷ് നേതാവ് അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ പ്രസ്താവന, ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആഗോള ചർച്ചകൾക്ക് പുതിയ വേഗത നൽകിയിരിക്കുകയാണ്. ഇതിലൂടെ സാങ്കേതിക കമ്പനികളുടെ അൽഗോരിതങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന അടിമത്തത്തെയും ആഘാതത്തെയും കുറിച്ചുള്ള ആശങ്കകളാണ് പ്രധാനമായും പങ്കുവെക്കപ്പെടുന്നത്.
സോഷ്യൽ മീഡിയ കമ്പനികൾ യുവ ഉപയോക്താക്കളെ ദീർഘനേരം അതിൽ തന്നെ നിലനിർത്തുന്ന സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും, ഇത് അവരുടെ ആരോഗ്യത്തെയും വളർച്ചയെയും ബാധിക്കുന്ന ഉള്ളടക്കങ്ങളിലേക്ക് അവരെ എത്തിക്കുന്നുവെന്നും മെറ്റെ അഭിപ്രായപ്പെട്ടു. ‘സോഷ്യൽ മീഡിയ യുവാക്കളുടെ ആരോഗ്യ പ്രശ്‌നമായി മാറിയിട്ടുണ്ടോ’ എന്ന് യൂറോപ്പിലുടനീളമുള്ള നയരൂപകർത്താക്കൾ ചോദിക്കുന്ന വലിയൊരു ചർച്ചയുടെ പ്രതിഫലനമാണ് മെറ്റെയുടെ പ്രതികണത്തിലും ഉള്ളത്.
അതേസമയം, വിമർശകർ പ്രധാനമന്ത്രിയുടെ ഈ താരതമ്യത്തെ ചോദ്യം ചെയ്തുകൊണ്ടും മുന്നോട്ടുവന്നിട്ടുണ്ട്. പുകയില സ്വാഭാവികമായും ദോഷകരമാണെന്നും എന്നാൽ ഉത്തരവാദിത്തത്തോടെ ഉപയോഗിച്ചാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് വിദ്യാഭ്യാസപരമായ അവസരങ്ങളും സാമൂഹിക ബന്ധങ്ങളും വിവരങ്ങളിലേക്കുള്ള പ്രവേശനവും നൽകാൻ കഴിയുമെന്നും അവർ പറയുന്നു. അതുകൊണ്ടുതന്നെ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തെ പുകവലിയുമായി തുല്യപ്പെടുത്തുന്നത് കുറച്ചു കടന്ന കൈയായിപ്പോയെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
മാനസികാരോഗ്യം, ഓൺലൈൻ ദുരുപയോഗം, അടിമകളാക്കുന്ന അൽഗോരിതങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ലോകത്താകമാനം പല സർക്കാരുകളെയും കർശനമായ നിയന്ത്രണങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ചില രാജ്യങ്ങൾ ഈ പ്ലാറ്റ്ഫോമുകളിൽ പ്രായം അടിസ്ഥാനമാക്കിയുള്ള നിരോധനത്തെക്കുറിച്ച് പോലും ആലോചിക്കുന്നു.
സോഷ്യൽ മീഡിയ ഉപയോഗത്തിന് 15 വയസ്സ് എന്ന കർശനമായ കുറഞ്ഞ പ്രായപരിധി ഡെന്മാർക്ക് നിശ്ചയിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ അനുമതിയോടെ ഉപയോഗിക്കാമെന്ന മുൻ നിർദ്ദേശങ്ങളിൽ നിന്ന് മാറി, 15 വയസ്സിൽ താഴെയുള്ള പ്രായപൂർത്തിയാകാത്തവർക്കായി സമ്പൂർണ നിരോധനം ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് മെറ്റെ ഫ്രെഡറിക്‌സന്റെ സർക്കാർ. കുട്ടികൾ ഈ ഡിജിറ്റൽ നിയന്ത്രണങ്ങൾ മറികടക്കാതിരിക്കാൻ നൂതനമായ പ്രായപരിശോധന സാങ്കേതികവിദ്യയാണ് (age-verification technology) സർക്കാർ ഉപയോഗിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് 48-കാരിയായ മെറ്റെ ഫ്രെഡെറിക്സൺ. നിലവിൽ ഡെന്മാർക്കിന്റെ പ്രധാനമന്ത്രിയായി തന്റെ മൂന്നാം ഊഴം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. 2019 മുതൽ ഈ നോർഡിക് രാജ്യത്തെ നയിക്കുന്ന അവർ സുരക്ഷാ, വിദേശനയ വിഷയങ്ങളിലെ ഉറച്ച നിലപാടുകളിലൂടെ അന്താരാഷ്ട്രതലത്തിലും ശ്രദ്ധേയയാണ്.
2022-ലെ റഷ്യൻ അധിനിവേശത്തിന് ശേഷം യുക്രൈനിനെ ഏറ്റവും ശക്തമായി പിന്തുണയ്ക്കുന്ന യൂറോപ്യൻ നേതാക്കളിൽ ഒരാളാണ് മെറ്റെ. മാത്രമല്ല, ഗ്രീൻലാൻഡ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള ആവശ്യങ്ങൾക്കെതിരെയും അവർ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.
ഗ്രീൻലാൻഡ് തർക്കസമയത്തെ അവരുടെ നേതൃത്വം യൂറോപ്യൻ സഖ്യകക്ഷികൾക്കിടയിൽ അവരുടെ പദവി ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര തലത്തിൽ അവരുടെ ജനപ്രീതി വർധിപ്പിക്കുന്നതിനും സഹായിച്ചതായി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. എന്നാൽ ഇപ്പോൾ, കുട്ടികളെയും സോഷ്യൽ മീഡിയയെയും കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളാണ് ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
അവരുടെ താരതമ്യത്തോട് ആളുകൾ യോജിച്ചാലും ഇല്ലെങ്കിലും, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് യുവാക്കളുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ഉണ്ടായിരിക്കണം എന്നതിനെക്കുറിച്ചും കുട്ടികളെ ഓൺലൈനിൽ സംരക്ഷിക്കുന്നതിനായി സർക്കാരുകൾ കൂടുതൽ ശക്തമായി ഇടപെടേണ്ടതുണ്ടോ എന്നതിനെക്കുറിച്ചും ഒരു വലിയ ചർച്ചയ്ക്കാണ് മെറ്റെയുടെ വാക്കുകൾ വീണ്ടും തുടക്കമിട്ടിരിക്കുന്നത്.



