ലോഫ്റ്റിൽ 50 ലധികം പ്രാവുകളെ ചത്ത നിലയിൽ കണ്ടെത്തി; ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും : അനിമൽ വെൽഫെയർ ഡയറക്ടറേറ്റ്

മൃഗപീഡനത്തെക്കുറിച്ചുള്ള പരാതികൾ ലഭിച്ചതിനെത്തുടർന്ന് ഖോർമിയിലെ (Qormi) പ്രാവിൻ കൂട്ടിൽ നടത്തിയ പരിശോധനയിൽ ചത്തുപോയ അമ്പതിലധികം പന്തയപ്രാവുകളെ ഉദ്യോഗസ്ഥർ കണ്ടെത്തി.
പരിശോധനയിൽ നാല് പ്രാവുകളെ മാത്രമാണ് ജീവനോടെ കണ്ടെത്താനായത്. അവയെ ഉടൻ തന്നെ വെറ്ററിനറി പരിശോധനയ്ക്ക് വിധേയമാക്കുകയും ആവശ്യമായ പരിചരണം നൽകുകയും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
അനിമൽ വെൽഫെയർ ഡയറക്ടറേറ്റും എൻവയോൺമെന്റൽ ഹെൽത്ത് ഡയറക്ടറേറ്റും ചേർന്ന് സാന്താ വെനേരയിലും ഖോർമിയിലുമാണ് പരിശോധന നടത്തിയത്. ഈ പരിശോധനയിൽ മോശം സാഹചര്യങ്ങളിലും അവഗണനയിലും കഴിഞ്ഞിരുന്ന ധാരാളം ലവ് ബേർഡ്സിനെയും പ്രാവുകളെയും ഉദ്യോഗസ്ഥർ കണ്ടെത്തി.
മൃഗങ്ങളുടെ ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഡയറക്ടറേറ്റ് പൊതുജനങ്ങൾക്ക് ഉറപ്പുനൽകി.
മൃഗങ്ങളോടുള്ള അവഗണനയോ ക്രൂരതയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സൗജന്യ ഹെൽപ്ലൈൻ നമ്പർ 153 (എക്സ്റ്റൻഷൻ 7) റിപ്പോർട്ട് ചെയ്യണമെന്നും, അതുവഴി ഉടനടി നടപടി സ്വീകരിക്കാൻ കഴിയുമെന്നും ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



