അന്തർദേശീയം

വാഷിങ്ടൺ ചർച്ചയിൽ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് ധാരണ

വാഷിങ്ടൺ ഡിസി : അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്ടണിൽ വെച്ച് ചേർന്ന് അതിനിർണ്ണായക ചർച്ചയിൽ വെടിനിർത്തൽ വ്യവസ്ഥകൾ പൂർണ്ണമായും അംഗീകരിച്ച് ഇസ്രയേലും ലെബനനും. സായുധ സംഘടനയായ ഹിസ്ബുള്ള സൈനികാക്രമണങ്ങൾ നിർത്തിവെക്കണമെന്നും തെക്കൻ ലിറ്റാനി സെക്ടറിൽ നിന്ന് ഹിസ്ബുള്ളയുടെ പോരാളികളെ പൂർണ്ണമായും പിൻവലിക്കണമെന്നും കരാറിൽ ആവശ്യപ്പെടുന്നു. നിലവിലെ സംഘർഷം പരിഹരിക്കുന്നതിനായി നേരിട്ടുള്ള ചർച്ചകൾ നടത്താൻ ഇരുവിഭാഗവും സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മാസം സമാനരീതിയിൽ ഇരുവിഭാഗങ്ങൾ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിരുന്നെങ്കിലും പിന്നീട് ധാരണകൾ മറികടന്ന് അതിർത്തിയിൽ കടുത്ത പോരാട്ടം തുടർന്നിരുന്നു.

ഇറാനെ പിന്തുണച്ച് ഇസ്രയേലിനെതിരേ ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ കഴിഞ്ഞ മാർച്ചിൽ ലെബനനിനെതിരേ തിരിഞ്ഞത്. പിന്നീട് ഇരുപക്ഷവും തമ്മിൽ സംഘർഷം രൂക്ഷമാകുകയായിരുന്നു. തുടർന്ന്, ലെബനനിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കിയില്ലെങ്കിൽ അമേരിക്കയും ഇസ്രയേലും ഉൾപ്പെടുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള ഒരു കരാറിനേയും തങ്ങൾ പിന്തുണക്കില്ലെന്ന് ഇറാൻ അറിയിച്ചിരുന്നു. തുടർന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വീണ്ടും സംഘർഷം ഉടലെടുക്കുകയായിരുന്നു.

ലെബനനിൽ ഇസ്രയേൽ ആക്രമണങ്ങൾ നടത്തിവരുന്നതിനിടെ ട്രംപ് നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ക്ഷുഭിതനായി സംസാരിച്ചിരുന്നു. ലെബനനിലെ ആക്രമണത്തെ തുടർന്ന് യുഎസുമായുള്ള ചർച്ചകളിൽനിന്ന് ഇറാൻ പിൻമാറുകയാണെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വെടിനിർത്തൽ കരാർ ഉണ്ടായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button