വിമാനത്തിൽ യാത്രക്കാരന്റെ അക്രമം; മെൽബൺ- ഡാല്ലസ് ക്വാണ്ടാസ് വിമാനത്തിന് ഫ്രാസിൽ അടിയന്തര ലാൻഡിങ്

സിഡ്നി : ആകാശമധ്യേ വിമാനത്തിൽ യാത്രക്കാരന്റെ അക്രമം. ജീവനക്കാരോട് മോശമായി പെരുമാറുകയും എയർ ഹോസ്റ്റസിനെ കടിച്ചുകീറുകയും ചെയ്ത യാത്രക്കാരൻ കാരണം ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസിന്റെ അന്താരാഷ്ട്ര വിമാനം അടിയന്തരമായി തിരിച്ചുവിട്ടു.
മെൽബണിൽ നിന്നും അമേരിക്കയിലെ ഡാല്ലസിലേക്ക് പറക്കുകയായിരുന്ന ക്വാണ്ടാസ് എഫ്.21 (QF21) ബോയിങ് വിമാനമാണ് വഴിതിരിച്ചുവിട്ടത്. യാത്രക്കാരന്റെ അക്രമാസക്തമായ പെരുമാറ്റത്തെ തുടർന്ന് വിമാനം ഫ്രഞ്ച് പോളിനേഷ്യയുടെ തലസ്ഥാനമായ പപ്പീറ്റിലെ ഫാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.
ന്യൂസിലൻഡ് സ്വദേശിയായ ഒരു യാത്രക്കാരനാണ് വിമാനത്തിനുള്ളിൽ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചത്. വിമാനത്തിലെ ജീവനക്കാരോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത ഇയാൾ തടയാൻ ചെന്ന ക്യാബിൻ ക്രൂ അംഗത്തിന്റെ കൈയിൽ ക്രൂരമായി കടിക്കുകയായിരുന്നു.
തുടർന്ന് സഹയാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്നാണ് ഇയാളെ ബലമായി കീഴടക്കിയതും സീറ്റിൽ കെട്ടിയിട്ടതും. ഇയാളെ ശാന്തനാക്കാൻ വിമാനത്തിലുണ്ടായിരുന്ന മെഡിക്കൽ സഹായത്തോടെ സെഡേറ്റീവുകൾ നൽകിയെങ്കിലും അതൊന്നും ഫലിച്ചില്ലെന്ന് സഹയാത്രക്കാർ വെളിപ്പെടുത്തി.
ഇതോടെയാണ് പൈലറ്റ് വിമാനം അടിയന്തരമായി താഹിതിയിലേക്ക് തിരിച്ചുവിടാൻ തീരുമാനിച്ചത്. വിമാനം പപ്പീറ്റിൽ ലാൻഡ് ചെയ്തയുടൻ പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരെത്തി അക്രമാസക്തനായ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.
ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒപ്പം ക്വാണ്ടാസ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് ഇയാൾക്ക് ആജീവനാന്ത വിലക്കും കമ്പനി ഏർപ്പെടുത്തി.



