അന്തർദേശീയം

ഇന്ധനവില ഇരുട്ടടിയായി; പ്രവർത്തനം നിർത്തിവച്ച് അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ്

വാഷിങ്ടൺ ഡിസി : അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ് ശനിയാഴ്ചയോടെ പ്രവർത്തനം പൂർണമായും നിർത്തിവച്ചു. ഇറാൻ യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധനവില ഇരട്ടിയായതാണ് കമ്പനിയുടെ തകർച്ചയ്ക്ക് പ്രധാന കാരണം. പ്രതിസന്ധി പരിഹരിക്കാൻ യുഎസ് സർക്കാർ സാമ്പത്തിക സഹായ പദ്ധതി മുന്നോട്ടുവച്ചെങ്കിലും കമ്പനി അടച്ചുപൂട്ടലിലേക്ക് നീങ്ങുകയായിരുന്നു.

രണ്ട് പതിറ്റാണ്ടിനിടെ അമേരിക്കയിൽ ഇത്രയും വലിയൊരു വിമാനക്കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നത് ആദ്യമായാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടമാകും. കമ്പനിയെ രക്ഷിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 500 മില്യൺ ഡോളറിന്റെ പാക്കേജ് നിർദേശിച്ചിരുന്നെങ്കിലും റിപബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെയും ഉപദേശകരുടെയും എതിർപ്പിനെത്തുടർന്ന് ഇത് പരാജയപ്പെടുകയായിരുന്നു.

മേയ് 1 മുതൽ 15 വരെയുള്ള കാലയളവിൽ സ്പിരിറ്റ് എയർലൈൻസിന് ഏകദേശം 4,119 സർവീസുകളാണ് ഉണ്ടായിരുന്നത്. എല്ലാ വിമാനങ്ങളും റദ്ദാക്കിയതായും യാത്രക്കാർ വിമാനത്താവളത്തിലേക്ക് വരരുതെന്നും കമ്പനി അറിയിച്ചു. ഇന്ധനവില ഗാലന് 2.24 ഡോളർ ആയിരിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കമ്പനിയുടെ പുനരുദ്ധാരണ പദ്ധതികൾ. എന്നാൽ യുദ്ധം തുടങ്ങിയതോടെ ഇന്ധനവില 4.51 ഡോളറായി ഉയർന്നത് കമ്പനിയുടെ സാമ്പത്തിക അടിത്തറ തകർത്തു.

സ്പിരിറ്റ് എയർലൈൻസ് നിർത്തലാക്കിയതോടെ യാത്രക്കാരെ സഹായിക്കാൻ മറ്റ് വിമാനക്കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. ഫ്രോണ്ടിയർ, ജെറ്റ് ബ്ലൂ, സൗത്ത് വെസ്റ്റ്, യുണൈറ്റഡ്, അമേരിക്കൻ എയർലൈൻസ് തുടങ്ങിയവർ സ്പിരിറ്റ് യാത്രക്കാർക്കായി പ്രത്യേക ഇളവുകളും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളും പ്രഖ്യാപിച്ചു. കോവിഡ് കാലത്തിനു ശേഷം യാത്രക്കാർ കൂടുതൽ സൗകര്യപ്രദമായ യാത്രകൾ ആഗ്രഹിച്ചതും സ്പിരിറ്റ് പോലുള്ള കുറഞ്ഞ നിരക്ക് കമ്പനികളുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button