വേനൽക്കാല കാർണിവൽ : ഓഗസ്റ്റ് 21 മുതൽ 23 വര ബൂജിബ്ബയിലും മർസസ്കാലയിലും വർണ്ണാഭമായ ആഘോഷങ്ങൾ

നിറങ്ങളുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും കലാവിരുന്നൊരുക്കി സമ്മർ കാർണിവൽ ഓഗസ്റ്റ് 21 മുതൽ 23 വരെ വീണ്ടുമെത്തുന്നു. ബൂജിബ്ബ (Buġibba), മർസസ്കാല (Marsaskala) എന്നിവിടങ്ങളിലാണ് മൂന്ന് ദിവസങ്ങളിലായി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. സെന്റ് പോൾസ് ബേ, മർസസ്കാല പ്രാദേശിക കൗൺസിലുകളുമായി സഹകരിച്ച് ‘ഫെസ്റ്റിവൽസ് മാൾട്ട’യാണ് (Festivals Malta) ഈ വർഷത്തെ പരിപാടി സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 21ന് ബുഗിബ്ബയിലാണ് പരിപാടികൾക്ക് തുടക്കമാകുക. വൈകിട്ട് 7 മണിക്ക് ‘ദാവ്‌റെത് ഇൽ-ഗ്സെജ്ജെറിൽ’ (Dawret il-Gzejjer) നിന്ന് കാർണിവൽ പരേഡ് ആരംഭിച്ച് പ്രൊമെനേഡിലൂടെ മാൾട്ട നാഷണൽ അക്വേറിയം വരെ നീളും. ഓഗസ്റ്റ് 22ന് വൈകിട്ട് 7 മണിക്ക് അക്വേറിയത്തിൽ നിന്ന് പരേഡ് ആരംഭിച്ച് പ്രൊമെനേഡിലൂടെ ‘ട്രിക് ഇൽ-ഹാളെൽ (Triq il-Ħalel) വരെ തുടരും.
ഓഗസ്റ്റ് 23ന് ഞായറാഴ്ച മർസാസ്‌കലയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് കാർണിവൽ എത്തിക്കുന്നതിനായി മാറ്റം വരുത്തിയ റൂട്ടിലൂടെയായിരിക്കും പരേഡ്. ‘സൊൺകോർ’ (Żonqor) കാർ പാർക്കിൽ, നീന്തൽക്കുളത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന പരേഡ് ട്രിക് ഇസ്-സൊൺകോർ (Triq iż-Żonqor) വഴി സിമെന്റിലേക്കും (Ċimenta) തുടർന്ന് പാരീഷ് ചർച്ചിന് (Parish Church) താഴെയൂടെയും ട്രിക് ഇക്സ്-ഷാറ്റിലേക്ക് (Triq ix-Xatt) വഴിയും കടന്നുപോകും.
വേനൽക്കാല പരേഡുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത 15 കാർണിവൽ ഫ്ലോട്ടുകളും നിരവധി നൃത്തസംഘങ്ങളും പരിപാടിയിൽ പങ്കെടുക്കും.
കാർണിവലിന്റെ പിന്നിലെ സർഗാത്മകതയ്ക്കും കരകൗശല വൈദഗ്ധ്യത്തിനും വർഷം മുഴുവൻ കൂടുതൽ വേദി ഒരുക്കുന്നതിനും കലാകാരന്മാർ, ഫ്ലോട്ട് നിർമാതാക്കൾ, നർത്തകർ എന്നിവരുടെ പ്രവർത്തനങ്ങൾ പുതിയ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുമുള്ള അവസരമാണ് വേനൽക്കാല കാർണിവൽ.
കാർണിവൽ മാൾട്ടയുടെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമാണെന്നും നൂറുകണക്കിന് ആളുകളുടെ കഴിവിന്റെയും സമർപ്പണത്തിന്റെയും ഫലമാണെന്നും കലാ, സാംസ്കാരിക, ദേശീയ പൈതൃക മന്ത്രി മാൽക്കം പോൾ അജിയസ് ഗാലിയ (Malcolm Paul Agius Galea) പറഞ്ഞു.
ഈ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അവ വളരാനും വികസിക്കാനും കൂടുതൽ ആളുകളിലേക്ക് എത്താനും സർക്കാർ തുടർന്നും നിക്ഷേപം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. വേനൽക്കാല കാർണിവൽ സംസ്കാരത്തെ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുകയും കുടുംബങ്ങൾക്കും പ്രദേശവാസികൾക്കും സന്ദർശകർക്കും കൂടുതൽ എളുപ്പത്തിൽ ആസ്വദിക്കാവുന്ന രീതിയിൽ മാറ്റുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേനൽക്കാല കാർണിവൽ ഈ പാരമ്പര്യത്തിലേക്കുള്ള പ്രവേശനം കൂടുതൽ വിപുലീകരിക്കുകയും കാർണിവലിനെ നേരിട്ട് ജനസമൂഹങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നുവെന്ന് ഫെസ്റ്റിവൽസ് മാൾട്ട ) Festivals Malta) ചീഫ് എക്സിക്യൂട്ടീവ് ഫ്രാൻസ് അജിയസും (Frans Agius) പറഞ്ഞു.
15 ഫ്ലോട്ടുകളും നൃത്തസംഘങ്ങളും മാൾട്ടീസ് കാർണിവലിന്റെ പ്രത്യേകതയായ നിറങ്ങളും ആവേശവും ഒരിക്കൽക്കൂടി തെരുവുകളിൽ നിറയ്ക്കുമെന്ന് ആർട്ടിസ്റ്റിക് ഡയറക്ടർ ജെയ്സൺ ബുസുട്ടിൽ (Malta Carnival Artistic Director Jason Busuttil) പറഞ്ഞു.
പരിപാടിയുടെ കൂടുതൽ വിവരങ്ങളും പുതിയ അപ്ഡേറ്റുകളും festivals.mt/karnival എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.



