സെന്റ് പോൾസ് ബേയിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

സെന്റ് പോൾസ് ബേയിലെ ബർമാർഡ് റോഡിൽ (Burmarrad Road) ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സെന്റ് പോൾസ് ബേയിൽ നിന്നുള്ള 65 കാരിയായ സ്ത്രീ, മെല്ലീഹ (Mellieħa) സ്വദേശിയായ 75 കാരൻ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ മാറ്റർ ഡീ (Mater Dei) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വനിത ഓടിച്ചിരുന്ന ‘ടൊയോട്ട ഫൺകാർഗോ’ (Toyota Funcargo) കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വശങ്ങളിലേക്ക് മറിയുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് അറിയിച്ചു. വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് വിഭാഗവും (Civil Protection Department) മെഡിക്കൽ സംഘവും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത്.
അപകടത്തിൽ സ്ത്രീക്ക് നിസ്സാര പരിക്കുകൾ മാത്രമാണുള്ളതെങ്കിലും, ഒപ്പമുണ്ടായിരുന്ന 75 കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.



