ബന്ധം വഷളായി; ജര്‍മ്മനിയിൽ നിന്നും 5000 അമേരിക്കന്‍ സൈനികരെ പിൻവലിക്കാൻ യുഎസ് തീരുമാനം

വാഷിംഗടണ്‍ ഡിസി : ജര്‍മ്മനിയിൽ നിന്നും, 5000 അമേരിക്കന്‍ സൈനികരെ പിൻവലിക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. അമേരിക്ക- ജര്‍മ്മന്‍ ബന്ധം കൂടുതല്‍ വഷളായതോടെയാണ് തീരുമാനം. ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധം സംബന്ധിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച്ച് മെര്‍സ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് നിലവില്‍ ജര്‍മനിയിലുള്ള അമേരിക്കന്‍ സൈന്യത്തിലെ 5,000 ത്തോളം പേരെ പിന്‍വലിക്കാൻ പെന്റഗണ്‍ തീരുമാനിച്ചത്. സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 5,000 അമേരിക്കന്‍ സൈനികരെ ജര്‍മ്മനിയില്‍ നിന്ന് പിന്‍വലിക്കാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉത്തരവിട്ടത്.
സൈനികരെ പിന്‍വലിക്കുന്നത് 6 മുതല്‍ 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. യൂറോപ്പിലെ സൈനിക വിന്യാസത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനത്തിനുശേഷമാണ് തീരുമാനം എടുത്തത്. പ്രദേശത്തിന്റെ ആവശ്യങ്ങളും നിലവിലെ സാഹചര്യങ്ങളും പരിഗണിച്ചുവെന്ന് പെന്റഗണ്‍ മുഖ്യ വക്താവ് ഷോണ്‍ പാര്‍നെല്‍ പ്രസ്താവനയില്‍ അറിയിച്ചു. ജര്‍മ്മനിയില്‍ നിലവില്‍ 38,000 അമേരിക്കന്‍ സൈനികരാണ് ഉള്ളത്.
എന്നാല്‍ അമേരിക്കന്‍ സെനറ്റിലെ ആയുധസേനാ സമിതിയിലെ പ്രധാന ഡെമോക്രാറ്റ് അംഗമായ സെനറ്റര്‍ ജാക്ക് റീഡ് ഈ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇത് ”മണ്ടത്തരമായ തീരുമാനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിലപാടുകളെ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് വിമർശിച്ചിരുന്നു. ഇറാൻ ഭരണകൂടം ട്രംപ് ഭരണകൂടത്തെ നയതന്ത്രപരമായി മറികടന്നുവെന്നും അമേരിക്കയ്ക്ക് വ്യക്തമായ ദിശാബോധം ഇല്ലെന്നുമടക്കം അദ്ദേഹം വിമർശിച്ചിരുന്നു.



