ആലപ്പുഴയിൽ ക്ഷേത്രോത്സവ അലങ്കാര ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു

ആലപ്പുഴ : പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ അലങ്കാര ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.
ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അറവുകാട് ക്ഷേത്രത്തിന് മുന്നിലായി ദേശീയപാതയോരത്താണ് വൈദ്യുതി ദീപാലങ്കാരമൊരുക്കി ഗോപുരം സ്ഥാപിച്ചിരുന്നത്. പുന്നപ്ര പൊലീസും ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ വിവിധയിടങ്ങളിൽ അരമണിക്കൂറോളം ശക്തമായ മഴ പെയ്തിരുന്നു.
അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി വേനൽ മഴയെത്തി. മലബാർ മേഖലയിലാണ് ശക്തമായ മഴ പെയ്യുന്നത്. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരിയാണ് (65) മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. കോട്ടയം ഉൾപ്പെട്ടെയുള്ള ജില്ലകളിലും മഴയുണ്ട്.
കണ്ണൂരിലെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കണ്ണൂർ നഗരത്തിലും തലശ്ശേരിയിലും മഴ പെയ്തു. സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.



