അന്തർദേശീയം

കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇന്നലെ രാത്രിയുണ്ടായ ഡ്രോൺ ആക്രമണത്തിൽ വൻ തീപിടുത്തം. ആക്രമണത്തെത്തുടർന്ന് എണ്ണ സംഭരണ കേന്ദ്രത്തിൽ തീ പടരുകയായിരുന്നു. ഉടൻതന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ നടപടികൾ ആരംഭിച്ചതായി സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റി (PACA) വക്താവ് അബ്ദുല്ല അൽ റാജിഹി പറഞ്ഞു. ‌

ആക്രമണത്തിൽ കെട്ടിടങ്ങൾക്കും മറ്റും ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം രാജ്യത്തിന്റെ സുരക്ഷാ പരിധിയിൽ പ്രവേശിക്കാൻ ശ്രമിച്ച ആറ് ഡ്രോണുകളെ ഇന്ന് വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും തന്ത്രപ്രധാനമായ സൈറ്റുകൾക്ക് കാവൽ ഒരുക്കുന്നതിനുമുള്ള കൃത്യമായ പദ്ധതിയുടെ ഭാഗമായാണ് ഡ്രോണുകളെ നേരിട്ടതെന്ന് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫാദിൽ പറഞ്ഞു.

ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. നാഷണൽ ഗാർഡ്, കുവൈത്ത് ആർമി, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് ഫയർ ഫോഴ്സ് എന്നിവർ സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് ബ്രിഗേഡിയർ ജനറൽ അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ സുരക്ഷാ സ്ഥിതിഗതികൾ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button