അന്തർദേശീയം

സുഡാനിൽ ആശുപത്രിക്ക് നേരെ വ്യോമാക്രമണം; 13 കുട്ടികളടക്കം 64 പേർ കൊല്ലപ്പെട്ടു

ഖാർത്തൂം : ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ ആശുപത്രിക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ 13 കുട്ടികളടക്കം 64 പേർ കൊല്ലപ്പെട്ടു. ഈസ്റ്റ് ഡാർഫറിലെ എൽ-ദെയ്ൻ ടീച്ചിംഗ് ഹോസ്പിറ്റലിന് നേരെയാണ് ശനിയാഴ്ച ആക്രമണമുണ്ടായതെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു.

സംഭവത്തിൽ 89 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 13 കുട്ടികൾക്ക് പുറമെ രണ്ട് നഴ്‌സുമാരും ഒരു ഡോക്ടറും നിരവധി രോഗികളും ഉൾപ്പെടുന്നു. സുഡാൻ സൈന്യത്തിന്റെ ഡ്രോൺ ആക്രമണമാണ് ആശുപത്രിയെ തകർത്തതെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ലോകാരോഗ്യ സംഘടന അക്രമികളെ ഔദ്യോഗികമായി നാമകരണം ചെയ്തിട്ടില്ല.

ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ എവിടെയായാലും അവസാനിപ്പിക്കണം എന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പ്രതികരിച്ചു. സുഡാൻ സൈന്യവും പാരാമിലിറ്ററി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തെ ആരോഗ്യസംവിധാനം പൂർണ്ണമായും തകർന്നിരിക്കുകയാണ്.

നിലവിൽ സുഡാനിലെ മൂന്നിലൊന്ന് ആശുപത്രികൾ മാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്. 2023 ഏപ്രിലിൽ ആരംഭിച്ച സുഡാൻ ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും 1.1 കോടിയിലധികം പേർക്ക് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരികയും ചെയ്തു.

ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിലൊന്നിലൂടെയാണ് സുഡാൻ കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. നിലവിൽ കോളറ, മലേറിയ, അഞ്ചാംപനി തുടങ്ങിയ പകർച്ചവ്യാധികളും പട്ടിണിയും സുഡാനിൽ പടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button