അന്തർദേശീയം

അറ്റ്‌ലാന്റിക് സമുദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ക്രൂസ് കപ്പലിൽ ഹാന്റാ വൈറസ് ഭീതിയിൽ; 3 മരണം

കേപ് ടൗൺ : അപൂർവമായ ഹാന്റാ വൈറസ് ബാധിച്ച് മൂന്നു പേർ മരിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ക്രൂസ് കപ്പലിലാണ് രോഗബാധ കണ്ടെത്തിയത്. മരിച്ചവരിൽ വയോധിക ദമ്പതികളും ഉൾപ്പെടുന്നു. കൂടാതെ മൂന്ന് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യും ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ വകുപ്പും അറിയിച്ചു.

പരിശോധന തുടരുകയാണെന്നും ഒരാൾക്ക് വൈറസ് സ്ഥിരീകരിച്ചതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രോഗബാധ സംശയിക്കുന്ന ഒരാൾ ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. മറ്റുള്ള രണ്ടുപേരെയും ഉടൻ കപ്പലിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റുമെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

ഡച്ച് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ഇപ്പോൾ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് കേപ് വെർഡെയ്ക്കു സമീപം നങ്കൂരമിട്ടിരിക്കുകയാണ്. ആരെയും കപ്പലിൽനിന്ന് പുറത്തേക്ക് ഇറക്കിയിട്ടില്ല. പ്രാദേശിക പൊലീസ് അടക്കമുള്ള അധികാരികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. രോഗബാധയേറ്റവരിൽ രണ്ട് പേർ കപ്പൽ ജീവനക്കാരാണ്.

എന്താണ് ഹാന്റാ വൈറസ്?ഹാന്റാ വൈറസ് സാധാരണയായി എലികൾ പോലുള്ള ചെറുമൃഗങ്ങളിൽ (റോഡന്റുകൾ) കാണപ്പെടുന്ന വൈറസാണ്. ഇതു മനുഷ്യരിലേക്കു പടർന്നാൽ പ്രത്യേക ചികിത്സയില്ലെങ്കിലും തുടക്കത്തിൽ കണ്ടെത്തിയാൽ രോഗലക്ഷണങ്ങൾ അനുസരിച്ച് ചികിത്സ നൽകി രക്ഷപ്പെടുത്താൻ കഴിയും.

മനുഷ്യരിലേക്ക് പകരുമ്പോൾ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. രോഗബാധിത എലികളുടെ മൂത്രം, വിസർജ്യം, തുപ്പൽ എന്നിവ വഴിയാണ് വൈറസ് പകരുന്നത്. പ്രധാനമായും ശ്വാസകോശത്തെ ബാധിച്ച് ഗുരുതരമായ ശ്വാസതടസം ഉണ്ടാക്കും. ചിലപ്പോൾ വൃക്കകളെയും ബാധിച്ച് രക്തസ്രാവവും വൃക്ക പ്രശ്നങ്ങളും ഉണ്ടാകാം.

ആദ്യഘട്ടത്തിൽ പനി, തലവേദന, ശരീരവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടും. രോഗം ഗുരുതരമായാൽ ശ്വാസംമുട്ടൽ, നെഞ്ചുവേദന, വൃക്ക പ്രവർത്തനത്തിലെ തകരാറുകൾ എന്നിവയും ഉണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button