വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്പ്

വാഷിങ്ടൺ ഡിസി : വൈറ്റ് ഹൗസിനു സമീപം നടന്ന വെടിവയ്പ്പിനെ തുടർന്ന് വാഷിങ്ടനിൽ കനത്ത ജാഗ്രത. 15 ആം സ്ട്രീറ്റിലും ഇൻഡിപെൻഡൻസ് അവന്യൂവിലും സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇയാളുടെ പക്കൽ തോക്കുണ്ടെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ വെടിയുതിർത്തു. തുടർന്ന് ഉദ്യോഗസ്ഥർ തിരിച്ചടിക്കുകയായിരുന്നു. വെടിയേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതി നടത്തിയ വെടിവയ്പ്പിൽ വഴിയാത്രക്കാരനായ ഒരു ആൺകുട്ടിക്ക് പരുക്കേറ്റു. കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിനു പിന്നാലെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വാഹനവ്യൂഹത്തിനു നേരെയാണ് വെടിവയ്പ്പ് നടന്നതെന്ന തരത്തിൽ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടന്നിരുന്നു. എന്നാൽ ഈ വാർത്ത സീക്രട്ട് സർവീസ് നിഷേധിച്ചു. വാൻസിന്റെ വാഹനവ്യൂഹം കടന്നുപോയി മിനിറ്റുകൾക്ക് ശേഷമാണ് വെടിവയ്പ്പ് നടന്നതെന്ന് സീക്രട്ട് സർവീസ് ഡപ്യൂട്ടി ഡയറക്ടർ മാത്യു ക്വിൻ വ്യക്തമാക്കി. വാൻസിനെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നതെന്നതിനു നിലവിൽ തെളിവുകളൊന്നുമില്ല.
പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ലക്ഷ്യമിട്ടിരുന്നോ എന്ന ചോദ്യത്തിന്, അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തത വരികയുള്ളൂ എന്ന് മാത്യു ക്വിൻ പ്രതികരിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.



