അന്തർദേശീയം

യുക്രെയ്നിലെ ഷോപ്പിങ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു

കീവ് : മധ്യ യുക്രെയ്നിലെ ക്രിവി റിഹ് നഗരത്തിലെ ഷോപ്പിങ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 130ലേറെ പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ അധികൃതർ അറിയിച്ചു. പകൽ സമയത്ത് ആളുകൾ ഷോപ്പിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

പരിക്കേറ്റവരിൽ 29 പേരുടെ നില ഗുരുതരമാണെന്നും ഇതിൽ അഞ്ച് കുട്ടികളുണ്ടെന്നും പ്രാദേശിക ഗവർണർ അറിയിച്ചു. ആക്രമണത്തെ തുടർന്ന് ഷോപ്പിങ് സെന്ററിൽ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.

യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി ആക്രമണത്തെ ശക്തമായി അപലപിച്ചു. ആദ്യ ഡ്രോൺ പതിച്ചതിന് ഏകദേശം അരമണിക്കൂറിന് ശേഷം രണ്ടാമത്തെ ഡ്രോൺ ആക്രമണമുണ്ടായത്, രക്ഷാപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണം ‘ക്രൂരവും നിന്ദ്യ’വുമായ നടപടിയാണെന്നും റഷ്യക്കെതിരെ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും സെലൻസ്കി പറഞ്ഞു.

അതേസമയം, യുക്രെയ്നിലെ തെക്കൻ മേഖലയിലും വെള്ളിയാഴ്ച റഷ്യൻ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു.

ഇതിനിടെ റഷ്യക്കെതിരെ യുക്രെയ്നും ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ യുദ്ധശേഷിയെ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ എണ്ണ സംഭരണ കേന്ദ്രങ്ങളും ലോജിസ്റ്റിക്സ് അടിസ്ഥാനസൗകര്യങ്ങളും ലക്ഷ്യമിട്ടാണ് യുക്രെയ്ൻ ആക്രമണം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button