യൂറോപ്യൻ യൂണിയൻ വാർത്തകൾ

സെലെൻസ്‌കിയുടെ വിമാനത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നു : മൊൾഡോവ

ഓസ്‌ലോ : മൊൾഡോവയിൽനിന്ന് നോർവേയിലേക്ക് പുറപ്പെട്ട യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കി ഡ്രോൺ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നോർവേയിലെ ഹരാൾഡ് രാജാവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഒസ്ലോയിലേക്ക് പുറപ്പെട്ട സെലെൻസ്‌കിയുടെ വിമാനത്തിനുനേർക്കാണ് അപകടകരമായ രീതിയിൽ ഡ്രോൺ പറന്നെത്തിയത്. മൊൾഡോവയിൽനിന്ന ടേക്ക് ഓഫ് ചെയ്യാൻ ഒരുങ്ങുമ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ സെലെൻസ്‌കി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നൊർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്‌റ്റോർ പറഞ്ഞു.

ഡ്രോൺ പ്രവേശിച്ചതോടെ മൊൾഡോവയുടെ വ്യോമാതിർത്തി ഉടൻതന്നെ അടച്ചു. റഷ്യൻ ഡ്രോണാണിതെന്നാണ് മൊൾഡോവ ആരോപിക്കുന്നത്. സംഭവത്തെത്തുടർന്ന് സെലെൻസ്‌കിയുടെ വിമാനം പുറപ്പെടാൻ വൈകി. ചിസിനാവു വിമാനത്താവളത്തിൽനിന്ന് ഏകദേശം 160 കിലോമീറ്റർ അകലെ ഡ്രോൺ തകർന്നുവീണതായി സ്ഥിരീകരിച്ച ശേഷമാണ് സെലെൻസ്‌കിയുടെ വിമാനത്തിന് ടേക്ക് ഓഫിന് അനുമതി നൽകിയത്. സംഭവത്തിൽ റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

യാദൃച്ഛികമായ ഒരു സംഭവമല്ല ഇതെന്നാണ് യു.എസിലെ മൊൾഡോവ അംബാസഡർ വ്‌ളാഡിസ്ലാവ് കുൽമിൻസ്‌കി പറയുന്നത്. യുക്രൈൻ പ്രസിഡന്റിന്റെ വിമാനം വിമാനത്താവളത്തിലുള്ളപ്പോൾ നിരീക്ഷണത്തിനായിമാത്രം ഒരു ഡ്രോൺ അതിർത്തി കടന്നെത്തി എന്ന് കരുതാനാകില്ല. സെലെൻസ്‌കിയെ ലക്ഷ്യമിട്ടാണോ ആക്രമണം നടന്നതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോൾ കൂടുതൽ പറയാനാകില്ല. വിദേശ സന്ദർശനങ്ങൾക്കായി സെലെൻസ്‌കി മൊൾഡോവൻ വ്യോമാതിർത്തി പതിവായി ഉപയോഗിക്കാറുണ്ടെന്നും ഇത്തരമൊരു സംഭവം ആദ്യത്തേതല്ലെന്നും കുൽമിൻസ്‌കി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button