അന്തർദേശീയം

മുൻ കാമുകിയെ കൊലപ്പെടുത്തുമെന്ന് ചാറ്റ്ജിപിറ്റിയോട് വെളിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

ഫ്ലോറിഡ : മുൻ കാമുകിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട 25കാരനെ ഫ്ലോറിഡയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഡാരെൻ ഷൗ എന്ന ഫിനാൻഷ്യൽ അനലിസ്റ്റാണ് പിടിയിലായത്. കാമുകിയെ കൊലപ്പെടുത്താനുള്ള പദ്ധതി ഇയാൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിറ്റിയുമായി പങ്കുവെച്ചിരുന്നു. ഈ വിവരങ്ങൾ ചാറ്റ്ജിപിറ്റിയുടെ മാതൃകമ്പനിയായ OpenAI എഫ്ബിഐയ്ക്ക് കൈമാറിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ആറുമാസത്തെ പ്രണയബന്ധത്തിന് ശേഷം കാമുകി ബന്ധം അവസാനിപ്പിച്ചതോടെയാണ് ഡാരെൻ ഷൗ ചാറ്റ്ജിപിറ്റിയുമായി സംസാരിക്കാൻ തുടങ്ങിയത്. കാമുകിയെക്കുറിച്ചും, അവളുടെ ഹോബികളെക്കുറിച്ചുമൊക്കെയാണ് ഷൗ ആദ്യം സംസാരിച്ചത്. എന്നാൽ പിന്നീട് മുൻ കാമുകിയെ റേപ്പ് ചെയ്ത് കൊലപ്പെടുത്താനുള്ള പദ്ധതികളെക്കുറിച്ച് ഇയാൾ ചാറ്റ്ജിപിറ്റിയോട് സംസാരിക്കാൻ തുടങ്ങി. ‘ഈ മാസാവസാനത്തോടെ ഞാൻ അവളെ കൊല്ലും,’ എന്നും, ‘എനിക്ക് അവളെ കിട്ടിയില്ലെങ്കിൽ വേറെ ആർക്കും അവളെ കിട്ടില്ല’ എന്നുമൊക്കെ ഇയാൾ സന്ദേശങ്ങൾ അയച്ചു.

കാമുകി പോകുന്ന ജിമ്മിന്റെ പുറത്ത് കാത്തുനിൽക്കുമെന്നും, തന്നെ നിരസിച്ചാൽ കൊന്നുകളയുമെന്നും ഷൗ ഭീഷണിപ്പെടുത്തി. ഇതുകൂടാതെ തന്റെ കൈവശം AR-15 മോഡൽ റൈഫിളും, ഗ്ലോക്ക് തോക്കും ഉൾപ്പെടെയുള്ള ആയുധങ്ങളുണ്ടെന്നും ഇയാൾ ചാറ്റ്ബോട്ടിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ സംഭാഷണങ്ങൾ അപകടകരമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് OpenAI വിവരങ്ങൾ അന്വേഷണ ഏജൻസിയായ എഫ്ബിഐയെ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷൗവിനെ അറസ്റ്റ് ചെയ്തു.

അതേസമയം, കോടതിയിൽ ഹാജരാക്കിയ ഷൗ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾക്ക് എട്ട് വർഷത്തെ പ്രൊബേഷൻ ശിക്ഷയാണ് കോടതി വിധിച്ചത്. ആദ്യത്തെ രണ്ട് വർഷം ഇയാൾ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച ആങ്കിൾ മോണിറ്റർ ധരിക്കണം. കൂടാതെ, തോക്കുകൾ കൈവശം വെക്കാനോ മദ്യപിക്കാനോ പാടില്ല. മുൻ കാമുകിയെയോ അവരുടെ കുടുംബത്തെയോ ബന്ധപ്പെടാനും പാടില്ലെന്നാണ് കോടതി ഉത്തരവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button